സ്വപ്നമഴ

1

മനസ്സ് പാറിപ്പറന്ന് ആകാശനീലിമയിൽ മേഘങ്ങളുമായി കൂട്ടുകൂടി. അവിടെ മണിമാളിക കെട്ടി. പരിചരിക്കാൻ പരിചാരകരെ നിയോഗിച്ചു. ദേവനർത്തകിമാർ നൃത്തമാടി. അങ്ങനെ മനസ്സ് മതിമറന്ന് സന്തോഷത്തിൽ ആറാടി.

അങ്ങനെയിരിക്കെ എവിടെന്നോ പാറി വന്ന വേറൊരു മനസ്സുമായി കൂട്ടുകൂടി. അവർ കഥകൾ പറഞ്ഞു, തമാശകൾ പറഞ്ഞു. അവർ പ്രണയത്തിലായി. അങ്ങനെ പ്രണയവും പ്രണയവും പ്രണയത്തിലായി. പ്രണയം പ്രണയത്തെയും കൂട്ടി മേഘങ്ങളിൽ കൂട് കൂട്ടി. മണിമാളികയും സർവ്വ ആഡംബരങ്ങളും പ്രണയവും പ്രണയവും മറന്നു. പ്രണയത്തിന്റെ സ്ഥിരം പല്ലവി പോലെ പ്രണയം പറഞ്ഞില്ല, പ്രണയത്തോട് പ്രണയമാണെന്ന്. അങ്ങനെ പ്രണയം ഒറ്റപ്പെട്ടു.

മറ്റേ പ്രണയം ക്രമേണ മനസ്സായി മാറി. പ്രണയം മേഘങ്ങളുമായി കൂട്ടുകൂടി. പ്രണയം പ്രണയ നൊമ്പരത്താൽ കരഞ്ഞു. അത് മഴയായി വർഷിച്ചു. മനസ്സ് മഴ നനഞ്ഞു. നല്ല കുളിർമഴ.

പ്രണയത്തിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരികളും മുത്തുകള്‍ പോലെ മനസ്സിൽ പതിഞ്ഞ മഴത്തുള്ളികളും മനസ്സിനെ വീണ്ടും പ്രണയത്തിലാക്കി. മനസ്സ് മതിമറന്ന് മഴയില്‍ തുള്ളിച്ചാടിയപ്പോള്‍ മനസ്സിലെ പ്രണയവും കുതിച്ചുയരുകയായിരുന്നു. മനസ്സില്‍ മറഞ്ഞു കിടന്ന ആ വികാരം വീണ്ടും ഉണരുകയായിരുന്നു. എന്തെന്നില്ലാത്ത സന്തോഷം മനസ്സിന്റെ ഉള്ളില്‍ നിറയുകയായിരുന്നു.

തുരു തുരാ അടിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ടിട്ടാണ് മനു രാവിലെ ഉറക്കമെണീക്കുന്നത്. അമ്മ വെള്ളമൊഴിച്ചതാണ്. സ്വപ്നത്തിലെ മഴ കൊണ്ട് ദേഹമാസകലം നനഞ്ഞിരിക്കുന്നു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.