സ്റ്റാറ്റസ്

1

കമ്പിത്തിരി പോലെ എരിയുന്ന മനസ്സുമായി തന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മുഹമ്മദാലി. സൗദിഅറേബ്യയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ വെൽഡിങ് തൊഴിലാളിയാണ് അദ്ദേഹം. പ്രയാസങ്ങൾ പേറുന്നവനാണ് പ്രവാസി എന്നതിന്റെ പ്രതീകമായിരുന്നു അദ്ദേഹം. കത്തുന്ന ചൂടിലും പഴുത്ത കമ്പികൾക്കിടയിലും ജോലി ചെയ്യുന്ന അദ്ദേഹം ഏറെ വർഷക്കാലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട്. പ്രായം തളർത്താത്ത മനസ്സുമായി തന്റെ ഒരു മകനും ഭാര്യയുമടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ ചെറിയ പ്രാരാബ്ദവും പേറി തുച്ഛമായ ശമ്പളത്തിൽ അവരുടെ സന്തോഷം കണ്ടെത്തുകയാണ് അദ്ദേഹം മരുഭൂമിയിൽ. തന്റെ ജീവിത ചെലവ് ചുരുക്കി കുടുംബത്തിന്റെ സന്തോഷത്തിൽ മതിമറന്ന് സന്തോഷിക്കുന്ന ഒരു പച്ചയായ മനുഷ്യൻ. അങ്ങനെ തന്റെ യൗവനവും സുന്ദരമായ ജീവിതവും കുടുംബത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ സാധാരണക്കാരിൽ സാധാരണക്കാരൻ.

ഓരോ ദിവസവും രാവിലെ അഞ്ചു മണിക്ക് കൃത്യമായി ഉണരാൻ പ്രവാസജീവിതം അദ്ദേഹത്തെ പഠിപ്പിച്ചു. ഇരുപത് കൊല്ലത്തെ പ്രവാസജീവിതം കൊണ്ട് നേടിയെടുത്തതാണീ ശീലം. കൃത്യതക്ക് കാരണം രാവിലെ ആറു മണിക്ക് ജോലിസ്ഥലത്ത് എത്തണം എന്നതാണ്. അല്ലെങ്കിൽ അന്നത്തെ ജോലിയും പോകും, കൂലിയും പോകും.

ഒരു ദിവസം കണ്ണുകൾ തിരുമ്മി എഴുന്നേറ്റപ്പോൾ കട്ടിലിന്റെ മുകളിലത്തെ നിലയിൽ. ചുറ്റിനും ബാത്റൂമുകളിലേക്ക് പോകുന്ന തൊഴിലാളികളുടെ ബഹളം. അഞ്ചു മണി കഴിഞ്ഞിട്ടും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ മടി. രാത്രിയിൽ കണ്ട സ്വപ്നങ്ങളിൽ തന്റെ നാടും വീടും വഴിയിറമ്പുമൊക്കെ വല്ലാതെ തെളിഞ്ഞ് നിന്നിരുന്നു. നാട്ടിലേക്ക് അവധിക്ക് പോകാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. അതുകൊണ്ടാവാം ദിവസങ്ങൾ ഒച്ചിഴയുന്ന പോലെ പോവുന്നതും സ്വപ്നങ്ങൾക്ക് കനം കൂടി വരുന്നതും.

ഈയൊരു അവധിയോട് കൂടി പ്രവാസജീവിതം അവസാനിപ്പിക്കാനാണ് മുഹമ്മദാലിയുടെ ചിന്ത. ബാത്റൂമിൽ ചെന്ന് ഒരു കപ്പ് വെള്ളം തലയിൽ വീഴുന്നതുവരെ തന്റെ സ്വപ്നങ്ങളും ചിന്തകളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അന്ന് ജോലിയെല്ലാം കഴിഞ്ഞ് രാത്രി തന്റെ ഭാര്യയോടും മകനോടും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഈ അവധിയോട് കൂടി പ്രവാസജീവിതം അവസാനിപ്പിക്കാനാണ് ചിന്തയെന്ന് മുഹമ്മദാലി പറഞ്ഞു.

അപ്പോൾ ഭാര്യ പറഞ്ഞു, "ഇപ്പോൾ നിർത്തി വന്നിട്ട് എന്തിനാ... നാട്ടാരുടെ ഇടയിലുണ്ടായിരുന്ന മ്മട 'സ്റ്റാറ്റസ്' പൊയ്പ്പോവൂലേ..?"

മറുതലക്കൽ ഇതെല്ലാം ഫോണിൽ കേട്ട് നിന്ന മുഹമ്മദാലി റൂമിൽ ഹുക്കിൽ തൂക്കിയിട്ടിരിക്കുന്ന അഴുക്ക് പിടിച്ച ഒട്ടും 'സ്റ്റാറ്റസില്ലാത്ത' തന്റെ നീലക്കുപ്പായത്തെ (വർക്കിംഗ് ഡ്രെസ്സ്) നോക്കി മനസ്സില്‍ പുഞ്ചിരിച്ചു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.