പ്രവാസി

1

ദൂരെ നിന്ന കേരവൃക്ഷങ്ങള്‍ കണ്ണുകളില്‍ പൊട്ടുകളായി തെളിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരായിരം ചിന്തകള്‍ കോമരം തുളളുകയായിരുന്നു. വിമാനം ഒന്ന് കുലുങ്ങിയോ? താഴ്ന്നു പറക്കാനുളള ഒരുക്കത്തിലാണ്. ഹൃദയം വല്ലാതെ മിടിക്കുന്നു. കൈകള്‍ ചേര്‍ത്തുവെച്ചു നോക്കി. ഉത്സവപ്പറമ്പിലെ വാദ്യമേളം പോലെ ഹ്യദയം നടനമാടുന്നുണ്ട്.

വിമാനം ഇറങ്ങാന്‍ പോവുന്നു. മൈക്കിലൂടെ അറിയിപ്പുകള്‍ വന്നു തുടങ്ങി. "സാര്‍ സീറ്റ് ബെല്‍റ്റ്.", അപ്പോളാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ വരുകയാണ് ഹംസ. മോള്‍ എന്നെ തിരിച്ചറിയുമോ? അവളുടെ കണ്ണുകള്‍, കുഞ്ഞിക്കൈവിരലുകൾ, എന്നെ പോലെ ആകുമോ? വീട്ടുകാരുടെ മുഖങ്ങള്‍, നാട്ടുകാരുടെ ചോദ്യങ്ങൾ..

ചിന്തകളുടെ അകമ്പടിയോടെ പുറത്തേക്ക് നടക്കുമ്പോള്‍ വളരെ സന്തോഷം തോന്നി. നാട്ടില്‍ എത്തിയിരിക്കുന്നു. ഇനി ശ്വാസം പോലും ഉച്ചത്തില്‍ വിടാം. പിറന്ന നാടിന്റെ മണം ഒന്ന് വേറെ തന്നെയാണ്. മനസ്സിനെ ചിന്തകള്‍ കെട്ടിവരിയാതിരിക്കാന്‍ ഹംസ നന്നേ പാടുപെട്ടു. പുറത്ത് കാത്തുനില്‍ക്കുന്നവരുടെ അവസ്ഥ ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കി. സന്തോഷവും സങ്കടവും കോര്‍ത്തിണക്കിയ മുത്തുമാലകള്‍ പോലെയാവും എല്ലാവരുടെയും മനസ്സിപ്പോള്‍.

ഓര്‍മ്മകളുടെ ചുമലിലേറി പുറത്തെത്തിയത് അറിഞ്ഞില്ല. കണ്ണുകള്‍ ചുറ്റിനും ഉഴലിനടക്കുകയാണ്. പൊന്നുമോളെ കാണാനുളള ഒരു വാപ്പായുടെ ആവേശം. അതാ ആള്‍ക്കൂട്ടത്തിനിടയില്‍ പൊന്നുമോള്‍ പ്രിയതമയുടെ ചുമലില്‍ ചാഞ്ഞുകിടക്കുന്നു. ഇറങ്ങി ഓടുകയായിരുന്ന അവളുടെ അടുത്തേക്ക് കൊതിയോടെ വാരിയെടുക്കാന്‍ കൈനീട്ടിയപ്പോള്‍ ആരെയോ കണ്ടുപേടിച്ച പോലെ അവള്‍ ഉമ്മയുടെ അരികിലേക്ക് ഒളിച്ചു. കാറില്‍ കയറി. മൂത്ത ഫ്രീക്കന്‍ മോന്റെ വക കുശലാന്വേഷണം. ഉമ്മ തൊട്ടരികത്ത്, ഭാര്യയും പൊന്നുമോളും അടുത്ത്.

വീട്ടിലേക്കുളള യാത്രക്കിടയില്‍ ഹംസ മോളെ ഒന്നൊളി കണ്ണിട്ട് നോക്കി. അവള്‍ ഒന്ന് ചിരിക്കാന്‍ വിതുമ്പുന്നത് ഹംസ കണ്ടു. കുഞ്ഞരിപ്പല്ലുകള്‍ കാട്ടി അവള്‍ കുണുങ്ങി കുണുങ്ങി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുളളിച്ചാടാന്‍ തുടങ്ങി.

"ഇക്കാ കയിച്ചിട്ട് പോകാം..", ഭാര്യ പറഞ്ഞു.

"വെളുപ്പിനേ ഇറങ്ങിയതല്ലേ എല്ലാര്‍ക്കും നല്ല വിശപ്പുണ്ട്. നമുക്കൊരു സ്ഥലത്ത് കേറാം.", ഫ്രീക്കന്‍ മോന്റെ അടഞ്ഞ സ്വരം. "ശരി", ഹംസ പറഞ്ഞു.

സ്ഥലമെത്തി. എല്ലാവരും ഇറങ്ങി. നാലുകെട്ട് പൊളിച്ച പോലുളള ഒരു ഹോട്ടല്‍. എല്ലാവരും ഇരുന്നു. ഷര്‍ട്ടും പാന്റ്സും ടൈയുമൊക്കെയിട്ട സുന്ദരനായ ചെറുപ്പക്കാരന്‍ കടന്നുവന്നു - "സാര്‍ മെനു."

ഹംസ നോക്കി ദയനീയ ഭാവത്തോടെ ചോദിച്ചു, "പുട്ടും അപ്പവുമൊന്നുമില്ലേ?"

"സാര്‍ ഇതൊക്കെയുളളൂ..ചൈനീസ് ആന്‍റ് കോണ്ടിനെറി ഡിഷസ്!"

"ഇം, നാല് ചായ മാത്രം മതി... വീട്ടില്‍ പോയിട്ട് കഴിക്കാം.", ഉമ്മായെ നോക്കി ഹംസ പറഞ്ഞു. ഫ്രീക്കന്‍ മോന്റെ മുഖത്ത് വിഷാദ ഭാവം. ചായ കുടിച്ച് പുറത്തിറങ്ങിയപ്പോള്‍ ബില്‍ കണ്ട് ഹംസ ഞെട്ടി. ചായ ഒന്ന്=120 രൂപ.

അഞ്ഞൂറ് രൂപ കൊടുത്ത് ഹംസ ബില്‍ സെറ്റില്‍ ചെയ്തു. കുറച്ച് നേരം പരുങ്ങി നില്‍ക്കുന്നത് കണ്ട് സപ്ളയര്‍ ചോദിച്ചു. "സാര്‍ 20 ടിപ്സല്ലേ?" എന്ന്.

"ഹ! ഓക്കെ", എന്ന് പറഞ്ഞ് ഹംസ തിരിച്ച് കാറിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തുപോയത് നാട്ടിന്‍പുറത്തെ റേഡിയോ നിലക്കാത്ത ചായക്കടയാണ്.

വീണ്ടും വീട്ടിലേക്കുളള യാത്ര തുടര്‍ന്നു. കാറിന് വേഗത കൂടിയത് പോലെ തോന്നി. മൂത്ത മോന്റെ കലിപ്പാണെന്ന് തോന്നണു. മെട്രോയുടെ വലിയ തൂണുകള്‍ക്കിടയിലൂടെയുളള ഈ പരക്കംപാച്ചില്‍.

ചിന്തകളില്‍ മുഴുകിയിരിക്കുമ്പോഴും കാണുകയായിരുന്നു സ്വന്തം നാടിനെ. വലിയ വലിയ വീടുകള്‍ കെട്ടിടങ്ങള്‍ നിരനിരയായി ഉയര്‍ന്നിരിക്കുന്നു. മണലാരണ്യത്തിന്റെ വിയര്‍പ്പുതുളളികള്‍ ഇവിടെ സ്വപ്നഗൃഹങ്ങൾ ആവുന്നു. പല പല വര്‍ണ്ണങ്ങളില്‍ ഉളള മനോഹരമായ വീടുകള്‍. മലയാളിയുടെ വര്‍ണ്ണസൗന്ദരൃത്തെ ഓര്‍ത്ത് അസൂയപ്പെടാതിരിക്കാന്‍ ആയില്ല. നാലഞ്ച് കൊല്ലം കൊണ്ട് പുരോഗതി ഏറെ കൈവരിച്ചിരിക്കുന്നു എന്ന് വിചാരിച്ച് പുറത്തോട്ട് നോക്കീട്ട് ചിന്തിച്ചു. ആളുകൾ ധരിക്കുന്ന തുണികളുടെ വ്യാസവും നീളവും കാലക്രമേണ കുറഞ്ഞും വരുന്നുണ്ട്..!

വീടടുത്തു. പൊന്നുമോളെ എടുത്ത് മടിയിലിരുത്തി ഹംസ നര്‍മ്മത്തോടെ പറഞ്ഞു നമ്മുടെ വഴിക്കും വീടിനും മാത്രം ഒരു മാറ്റവുമില്ലല്ലോയെന്ന്!

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.