പ്രണയലേഖനം

1

"തനിക്ക് ഇതിന്റെ അനന്തരഫലം എന്തായിത്തീരും എന്ന് നല്ല നിശ്ചയം ഉണ്ടോ? അല്ലെങ്കിൽത്തന്നെ ഇപ്പോൾ അരക്കുതാഴെ തളർന്നിരിക്കുന്നു. ഇനി ഒന്നെഴുന്നേറ്റ് നടക്കാൻ എത്ര കാലം കഴിയണം? അപ്പോഴാ അടുത്ത ഭ്രാന്ത്!", ഡോക്ടർ ജെയിംസ് ഒട്ടും അടുക്കുന്ന ലക്ഷണമില്ല.

"ഉണ്ട് ഡോക്ടര്‍! ആരുമില്ലാത്ത, പ്രത്യേകിച്ച് ഒരു ലക്‌ഷ്യം പോലും ഇല്ലാത്ത, എനിക്ക് അതൊരു പ്രശ്നമല്ല. പക്ഷേ ആ കുട്ടിക്ക് അങ്ങിനെയല്ല. അവളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു നല്ല ഭാവിയുണ്ട് അവള്‍ക്ക്. പ്ലീസ്‌ ഡോക്ടര്‍ എന്നെ തടയരുത്, പറ്റില്ല എന്ന് പറയരുത്. ഡോക്ടർ ജോര്‍ജ് മാത്യുവിനോട് സർ ഒന്ന് സംസാരിക്കണം."

"ആരും ഇല്ല എന്നതാണ് വലിയ പ്രശ്നം."

"ഡോക്ടര്‍, താങ്കള്‍ അതോര്‍ത്തു വിഷമിക്കേണ്ട. ഞാന്‍ ആര്‍ക്കും ഒരു ശല്യമാവില്ല. ഇതിനു വേണ്ട എല്ലാ കാര്യങ്ങളും ഡോക്ടര്‍ പെട്ടെന്ന് നടത്തണം."

"നടക്കുന്ന കാര്യമല്ല. ഇന്ത്യൻ അനാട്ടമിക്കൽ ആക്ട് പ്രകാരം ജീവിച്ചിരിക്കുന്ന ആളുകളുടെ അവയവം ദാനം ചെയ്യുന്നതിൽ കിഡ്നി ഒഴികെ ബാക്കിയെല്ലാം നിയമവിരുദ്ധമാണ്. സത്യത്തിൽ നിന്റെ ഈ അപകടം ഒരു ആത്മഹത്യാശ്രമം ആയിരുന്നോ? അല്ലെങ്കിൽ പിന്നെ എന്തിനാ കണ്ണുകൾ അവൾക്ക് ദാനംചെയ്യണം എന്നൊക്കെ എഴുതി ലെറ്റർ പോക്കെറ്റിൽ വെച്ചിരുന്നത്?"

"ആത്മഹത്യ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്ന് അഡ്വക്കേറ്റ് ശ്യാമിനെ കാണുക. നേത്രദാനത്തിന്റെ കാര്യങ്ങളെപ്പറ്റി അറിയുക. ഇത്രയേ പോവുമ്പോൾ ഉദ്ദേശിച്ചുള്ളൂ. പക്ഷേ..."

"പക്ഷെ? വരുമ്പോൾ ആത്മഹത്യയായിരുന്നു മനസ്സിൽ അല്ലെ? നിന്റെ പ്രായം ചെറുപ്പമാണ്. ഈ ചോരത്തിളപ്പിൽ തോന്നുന്നതാണ് ഇതെല്ലാം. കുറച്ചു കാലം കഴിഞ്ഞാൽ നീ ഇതോർത്ത് ഖേദിക്കും. അന്നവൾ സുഖമായി ജീവിക്കുന്നുണ്ടാവും. നീ എല്ലാവർക്കും ഭാരമായി..."

"ശ്യാം എന്നോട് മുബൈയിലുള്ള ഒരു മിസ്റ്റർ ഉപാധ്യയെപ്പറ്റി പറഞ്ഞിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ആണ് കണ്ണുകൾ ദാനം ചെയ്തത്."

"കണ്ണുകൾ അല്ല. ഒരു കണ്ണ്. അത് തന്നെ പിന്നീട് ഒരുപാട് ചർച്ചകൾക്കും ബഹളങ്ങൾക്കും കാരണമായി."

"എങ്കിൽ എന്റെ ഒരു കണ്ണെങ്കിലും അവൾക്ക് കൊടുത്തൂടെ?"

"അതിനൊക്കെ പിന്നെയും കുറെ നിയമതടസ്സങ്ങൾ ഉണ്ട്. മാത്രമല്ല ഒരു കണ്ണ് മാത്രമായി മാറ്റിവെക്കാൻ അവര് തയാറാവില്ല. നമുക്ക് കാത്തിരിക്കാം. എല്ലാം ശരിയാകും."

* * *

"ഗുഡ് മോര്‍ണിംഗ്"

"ഗുഡ് മോര്‍ണിംഗ് ഡോക്ടര്‍. സർ വലിയ സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ?"

"ഡോ തനിക്ക്, വിധി എന്നൊക്കെ പറയുന്നത് എന്താന്നറിയോ?"

"ഇതൊക്കെ തന്ന അല്ലെ സർ വിധി!"

"അതെ... ഇന്നലെ രാത്രിയിൽ ഒരു ആക്സിഡന്റ് കേസ്. തന്നെപ്പോലെ ഒരു ചെറുപ്പക്കാരൻ. ജീവൻ പോവുന്നതിന് മുൻപ് അവനെന്റെ കയ്യിൽ ഒരു പിടിയങ്ങു പിടിച്ചിട്ട് പറഞ്ഞു, 'എന്റെ ശരീരത്തിൽ ആർക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് മണ്ണിനു വിട്ടു കൊടുക്കരുത്.' ഒന്നും സംഭവിക്കില്ല, ധൈര്യമായിരിക്കൂ എന്നൊക്കെ ഞാൻ സമാധാനിപ്പിച്ചു. എങ്കിലും അധികനേരമൊന്നും കിട്ടിയില്ല. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവനങ്ങു പോയി."

"എന്നിട്ട്..?"

"അവന്റെ വീട്ടുകാരെ ഇതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു പേടി. അവരോട് സംസാരിച്ചപ്പോൾ ഞാൻ പേടിച്ച പോലെ തന്നെ, അവരാരും സമ്മതിച്ചില്ല. പക്ഷെ അവന്റെ ഉപ്പ എന്നെ ഞെട്ടിച്ചു കളഞ്ഞു, 'എനിക്കും അവന്റെ ഉമ്മാക്കും അനിയത്തിക്കും അവനൊരാളെ ഉണ്ടായിരുന്നുള്ളൂ. അവൻ ആരുടെയെങ്കിലുമൊക്കെ ജീവന്റെ ഭാഗമായി ഇവിടെത്തന്നെ ഉണ്ടാവട്ടെ. അവനെ വിട്ടു താരാനായാൽ പറയ്. ഞങ്ങൾ ഇവിടെ ഉണ്ടാവും.' ഞാൻ അപ്പോൾത്തന്നെ ജോർജിനെ അറിയിച്ചു. തന്റെ ആഗ്രഹം പോലെ എല്ലാം നടക്കുമെടോ..!"

* * *

ഇരുട്ടിനെ കീറി മുറിച്ച് ആ ഇന്നോവ കാര്‍ അതിവേഗത്തില്‍ പോയ്കൊണ്ടിരുന്നു.

"എന്റെ പേര് അഭിലാഷ്. അഭി എന്ന് എല്ലാവരും വിളിക്കും. അഞ്ചു വര്‍ഷമായി കരുണാലയത്തില്‍ ജോലി ചെയ്യുന്നു.", ഏറെ നേരത്തെ മൗനം അസഹ്യമായപ്പോള്‍ ആവണം അവന്‍ തുടങ്ങിയത്.

"രണ്ടു കണ്ണും ഒരു പെണ്‍കുട്ടിക്ക് ദാനം ചെയ്യുന്ന ഒരാളെ കൊണ്ടുവരാന്‍ പോവണം എന്ന് ജോൺ സര്‍ പറഞ്ഞപ്പോള്‍ ഒരു പ്രായമായ ആളെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇവിടെ വന്നപ്പോൾ പക്ഷെ കാഴ്ചയുള്ള ആളും, ചെറുപ്പക്കാരനും. മാത്രമല്ല ഇങ്ങനെ അരക്ക് താഴോട്ട് തളർന്ന ആളാണെന്ന് തീരെ പ്രതീക്ഷിച്ചുമില്ല."

"പ്രായമായ ഒരാളുടെ നിറം മങ്ങിയ കാഴ്ച ആ കുട്ടിക്കെന്തിനാ അഭീ?"

"അത് ശരിയാ. എന്നാലും നീ ഈ പ്രായത്തില്‍. കണ്ണ് വേറെ ആരോ ദാനം ചെയ്തെന്നറിഞ്ഞു. സത്യത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോഴാണോ ഈ അപകടം സംഭവിച്ചത്?"

"ആത്മഹത്യ ഞാൻ ഉദ്ദേശിച്ചിരുന്നില്ല."

"വിരോധമില്ലെങ്കില്‍ മറുപടി പറഞ്ഞാല്‍ മതി. ഇങ്ങനെ ഒരു ത്യാഗം ചെയ്യാന്‍ മാത്രം ആരാ ആ കുട്ടി?"

"ഞാന്‍ പറയാം. ഇനിയും ഒരുപാട് ദൂരം ഓടാനില്ലേ. ഞാന്‍ എല്ലാം പറയാം. ബോറടിച്ചു തുടങ്ങിയാല്‍ പറയണം, അപ്പോള്‍ ഞാന്‍ നിര്‍ത്താം."

"ഇല്ല, ബോറടിക്കില്ല. ഒന്നും മിണ്ടാതെയുള്ള ഈ ഇരുപ്പാണ് ബോറാവുക."

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.