പ്രണയദിന സമ്മാനം

1

അന്നൊരു പ്രണയദിനമായിരുന്നു. പ്രണയത്തിന് അങ്ങനെയൊരു ദിവസം എന്നത് എനിക്കത്ര വലിയ താല്പര്യമുള്ള ഒന്നായിരുന്നില്ല. ഒരു ദിവസം മാത്രം പ്രണയം - എന്തൊരു മണ്ടത്തരം! ഒരുപക്ഷെ എന്റെ വികലമായ ആദർശമാവാം ആ ഒരു ചിന്തയ്ക്ക് പിന്നിൽ. അതല്ലെങ്കിൽപ്പിന്നെ പാളിപ്പോയ ടീനേജ് ഇൻഫാച്ചുവേഷന്റെ നേരിയ ഓർമ്മകൾ കൊണ്ടുമാവാം.

പക്ഷെ ആ പ്രണയദിനം... തലേ ദിവസം മുതൽ എനിക്കുള്ളിൽ ഒരു ചെറിയ നീറ്റൽ ഉണ്ടായിരുന്നു, ഒന്നാമത്തെ കാരണം, നിഴലുപോലെ കൂടെയുണ്ടായിരുന്ന കൂട്ടുകാരന്റെ ഒന്നാം വിവാഹ വാർഷികം, അതും പ്രണയവിവാഹ വാർഷികം! അതിന്റെ കുശുമ്പ്. മറ്റൊന്ന് ഞാൻ ആ വലിയ നഗരത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തുടങ്ങിയതിന്റെ വാർഷികം.

ഒരു വർഷക്കാലമായി സംഭാഷണം എന്ന് പറയുന്നത് ആകെക്കൂടി ചെയ്യുന്ന പ്രോഗ്രാമിനെക്കുറിച്ച് മാത്രം, അതും ഡയറക്റ്റർ വരുന്ന ദിവസങ്ങളിൽ. ഭക്ഷണം കഴിക്കാനായി പോവുമ്പോൾ ഹോട്ടലിൽ നിന്ന് സംസാരിക്കുന്നത്. പിന്നെ ഫോണിൽ അല്പനേരം അച്ഛനോടും അമ്മയോടും അനിയത്തിയോടും. കഴിഞ്ഞു. അത്രയേയുള്ളൂ സംസാരം എന്നത്. മറ്റുള്ള സമയങ്ങളിൽ ആ വലിയ സ്റ്റുഡിയോയിൽ കമ്പ്യൂട്ടറുകൾക്കു നടുവിൽ ഏകാകിയായി അങ്ങനെ...

കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്ന സമയത്ത് ഭൂമിക്കു മുകളിൽ ഉള്ള സകലതും സംസാരവിഷയമായിരുന്നു ഞങ്ങൾക്ക്. ചർച്ച ചെയ്യാത്ത വിഷയങ്ങൾ കുറവ്. അതിനായിരുന്നു സഡൻ ബ്രേക്ക് വീണത്. അവരുടെ വിവാഹം നടത്തി, തങ്ങിയിരുന്ന കുടുസ്സുമുറി വധൂവരൻമാർക്ക് വിട്ടുകൊടുത്ത് ഏകാന്തതയുടെ ഭാണ്ഡക്കെട്ടുമായി ഇറങ്ങി.

പ്രണയദിനം - എനിക്കെന്ത് പ്രണയദിനം! ഒരുപാട് ജോലിയുണ്ട് ചെയ്ത് തീർക്കാൻ. ഞാൻ പതിവുപോലെ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു. ചിന്തകൾ വരിഞ്ഞു മുറുക്കുന്നത് ആ നടപ്പിലാണ്. നഗരത്തിന്റെ തിരക്കിൽ ആരെയും ശ്രദ്ധിക്കാതെ നടന്നു.

പെട്ടെന്ന് എവിടെ നിന്നോ രണ്ട് അപ്പൂപ്പൻതാടികൾ എന്റെ മുന്നിലേക്ക് പറന്നു വന്നു. കൈകൾ നീട്ടിയപ്പോൾ കൃത്യം കൈകളിൽ രണ്ടുപേരും വന്നിരുന്നു. ഒരുനിമിഷം കൈക്കുമ്പിളിൽ അവ തത്തിക്കളിച്ചു. എന്റെ ചിന്തകൾ മുറിഞ്ഞു. എന്തെന്നില്ലാത്ത സന്തോഷം എന്നിൽ നിറഞ്ഞുവന്നു. ഹോ എന്തൊരാനന്ദം! ആ മഹാനഗരത്തിൽ അങ്ങനെ അപ്പൂപ്പൻതാടികളെ അതിന് മുൻപ് കണ്ടിട്ടേയില്ല. ഇത് ഒന്നല്ല - രണ്ട്.

പ്രകൃതി ലളിതമായ കാര്യങ്ങളിലാണ് ആനന്ദം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് ഏതോ ആത്മീയാചാര്യൻ പറഞ്ഞത് ഓർത്തു. അവയെ കൈക്കുമ്പിളിലാക്കി ഞാൻ ഓടുകയായിരിന്നു എന്ന് തോന്നി. ഓഫീസിൽ എത്തിയ ഉടനെ എനിക്ക് കിട്ടിയ പ്രണയദിന സമ്മാനം എല്ലാവർക്കും കാണിച്ചു കൊടുത്തു. പുഞ്ചിരി, വർണ്ണനകൾ, വിവിധങ്ങളായ ഭാവങ്ങൾ... എല്ലാവരും ചേർന്ന് എന്റെ സന്തോഷത്തെ ഇരട്ടിയാക്കി.

ആ ദിവസം മുഴുവൻ അവ രണ്ടും എന്റെ മേശപ്പുറത്ത് മോണിട്ടറിന്റെ കീഴിൽ നിന്നു എന്നെ നോക്കി പഞ്ചിരിച്ചു. അതുപോലൊരു സമ്മാനം അതിനു മുൻപോ പിന്നീടോ കിട്ടിയിട്ടില്ല.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.