പ്രകാശം പരക്കുമ്പോൾ

1

അന്നും പതിവു പോലെ വ്യത്യസ്തതകൾ നിറഞ്ഞ കുറേ ചോദ്യങ്ങളും സംവാദങ്ങളും നിറഞ്ഞതായിരുന്നു ആ ഗ്രാമത്തിലെ പണ്ഡിതസദസ്സ്. വളരെ വർഷങ്ങൾക്ക് മുൻപ് ആ ഗ്രാമത്തിലെ ഏതോ കുറച്ചു പേർ ചേർന്ന് തുടങ്ങിയ ആ സദസ്സ് ഇന്ന് മറ്റു ഗ്രാമങ്ങളിലുള്ളവർക്കും പലതരത്തിലുള്ള അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും അറിയാനുമുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ പോലും നടക്കാറുള്ള ആ സദസ്സ് എന്നും പുതിയ അറിവുകൾ നേടാനുള്ള നല്ല അവസരം തന്നെയായിരുന്നു.

തന്റെ പിതാവിനോടൊപ്പം അവിടെയെത്തിയ ഒരു കൗമാരക്കാരന്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ പണ്ഡിതസദസ്സ് കുറച്ച് അസ്വസ്ഥമായി മാറി. തികച്ചും സാധാരണമായ ആ ചോദ്യങ്ങൾ വ്യത്യസ്ഥമായ മറ്റു പല ചിന്തകൾക്കും വഴി മാറി എന്നു പറയേണ്ടിയിരിക്കുന്നു.

ഞാൻ ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ ആയി ജനിച്ചിരുന്നെങ്കിൽ എനിക്ക് എങ്ങനെ ശ്രീ കൃഷ്ണ ഭഗവാനെയുൾക്കൊള്ളാനും സ്തുതിക്കാനും സാധിക്കുമായിരുന്നു? അതു പോലെ തന്നെ ഒരു ഹിന്ദുവായി ജനിച്ചാൽ എങ്ങനെ ശ്രീ യേശുദേവനെയും ശ്രീ മുഹമ്മദ് നബിയെയും ഉൾക്കൊള്ളാൻ സാധിക്കും? ഭൂമിയിൽ ജനിച്ചു വീണ എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതു തന്നെയല്ലേ? ജനിച്ചു വീണ മതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കപ്പെടുകയല്ലേ നമ്മൾ അതല്ലെങ്കിൽ നമ്മുടെ ജന്മങ്ങൾ? വളരെ നിസ്സാരമെങ്കിലും വളരെ അർത്ഥവത്തും ഉത്തരം കണ്ടെത്താൻ നമ്മുടെ അഹങ്കാരങ്ങൾ നിറഞ്ഞതും ശരിയെന്ന് നാം പൂർണ്ണമായും വിശ്വസിക്കുന്നതും നമ്മൾ സ്വായത്തമാക്കിയത് എന്ന് അഹങ്കരിക്കുന്നതുമായ ചില ചിന്തകൾ അല്ലെങ്കിൽ അറിവുകൾ ഒരിക്കലും നമ്മളെ അനുവദിക്കാത്തതുമായ ഒരു സത്യം തന്നെയായിരുന്നു ആ കൗമാരക്കാരന്റെ മനസ്സിലുണർന്ന ആ ചോദ്യങ്ങൾ.

ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പണ്ഡിതരായി അവിടെ വന്നിരുന്ന ആർക്കും ആ കൗമരക്കാരന്റെ ചോദ്യത്തിനും സംശയങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള ഒരു വിശദീകരണം കൊടുക്കുവാൻ സാധിച്ചില്ല. എന്നാൽ സദസ്സിലുണ്ടായിരുന്ന ഒരു യുവാവിന്റെ ചില വിശദീകരണങ്ങൾ കുറച്ചു കൂടി വിശാലമായ അർത്ഥതലങ്ങൾ നൽകിക്കൊണ്ട് ആ സദസ്സിനെ ഊർജ്ജസ്വലമാക്കി.

ഏതെങ്കിലും ഒരു മതത്തിനെ മാത്രം അംഗീകരിക്കുകയും അതല്ലെങ്കിൽ കൂടുബപരമായി കിട്ടിയ ഒരു രാഷ്ടീയ പ്രസ്ഥാനത്തെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന നമ്മൾ ഒരോരുത്തരും മറ്റ് ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പശ്ചാത്തലത്തിലോ ആണ് ജനിച്ചിരുന്നതെങ്കിൽ ഇന്ന് പിന്തുടർന്ന് പോകുന്ന വിശ്വാസങ്ങളെയും പ്രസ്ഥാനങ്ങളെയും അറിയാതെ പോകുന്ന അല്ലെങ്കിൽ അതിനെ വിമർശിക്കുന്ന ഒരു ജന്മമായി മാറുമായിരുന്നു എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ആ യുവാവിന്റെ ചോദ്യം.

അങ്ങനെ ചിന്തിച്ചാൽ തന്നെ മനസ്സിലാവും, നമ്മൾ അറിഞ്ഞു കൊണ്ട് വിധേയപ്പെട്ട് കഴിയുന്ന മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രധാന്യവും. സത്യം ഇതാണ് എന്ന് എല്ലാവർക്കും സാമാന്യബുദ്ധിയാൽ അറിയാമെങ്കിലും അതിൽ നിന്ന് മോചിതരാവാൻ പലപ്പോഴും നമ്മൾക്ക് കഴിയാറില്ല.

വീണ്ടും താൻ പറഞ്ഞു തുടങ്ങിയതിനെ കൂടുതൽ വിശദമാക്കാൻ ആ സദസ്സിന്റെ നിശബ്ദത ആ യുവാവിന് കൂടുതൽ പ്രചോദനമായി. പതിവിന് വിപരീതമായി ഒരു സദ്യ കിട്ടുന്ന ആവേശത്തോടെ സദസ്സിലെ ഒരു കൂട്ടർ കൂടുതലായി അയാളെ ശ്രദ്ധിക്കാൻ തുടങ്ങി.

യുവാവ് തന്റെ വിശദീകരണം തുടർന്നു കൊണ്ടിരുന്നു. എല്ലാ മതത്തിലുള്ളവരിലും പണക്കാരും പാവപ്പെട്ടവരും രോഗികളും സമാധാനപ്രിയരും ഉണ്ട് എന്നതു തന്നെ ദൈവം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ഭാഗമായുള്ള ശക്തിയല്ല എന്ന വസ്തുതയും നമ്മൾക്ക് എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്ന പരമമായ സത്യമല്ലേ. അത് അല്ലായെങ്കിൽ ഏതെങ്കിലും മഹാമാരികൾ വരുമ്പോഴോ പ്രകൃതിക്ഷോഭങ്ങൾ വരുമ്പോഴോ ഏതെങ്കിലും പ്രത്യേക വിഭാഗക്കാർ മാത്രം രക്ഷപ്പെടുമായിരുന്നിരിക്കണം.

ദൈവം കുടികൊള്ളുന്നത് നമ്മളിൽ ഒരോരുത്തരിലുമാണെന്ന സത്യം എല്ലാ മതഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി പറയുന്നുണ്ടെങ്കിലും പണം കൊടുത്ത് ദൈവത്തെ വാങ്ങാനും പണം ഉണ്ടാക്കാനായി ദൈവത്തെ വിറ്റ് കാശാക്കാനും നടക്കുന്ന കച്ചവടത്തിൽ ദൈവഭയത്തിന്റെ പേരിൽ അടിമകളായി ജീവിക്കുന്ന ഒരു പറ്റം ജന്മങ്ങളാണ് നമ്മളിൽ പലരും എന്നതല്ലേ സത്യം.

എല്ലാ മതങ്ങളും രാഷ്ടീയ പ്രത്യയശാസ്ത്രങ്ങളും മനുഷ്യരുടെ നന്മക്കായി ഉണ്ടാക്കിയവയും പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്നവയുമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ഇന്ന് അതിന്റെ പരിശുദ്ധിയെ മാറ്റി നിർത്തുന്ന രീതിയിൽ പലയാളുകളുടെയും ജീവിതമാർഗ്ഗമായി അത് മാറി. പണം സമ്പാദിക്കുന്നതിനുള്ള മാർഗ്ഗമായി മാറി അല്ലെങ്കിൽ മാറ്റി എന്നതായിരിക്കാം സത്യം.

എന്നാൽ ആ യുവാവിന്റെ വിശദീകരണങ്ങൾ കേൾക്കുവാൻ അവിടെയുണ്ടായിരുന്ന കുറെയാളുകൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. അവന്റെ ഓരോ വാക്കും അവരുടെ മനസാക്ഷിയെ ചോദ്യം ചെയ്യുന്നതായി അവർക്ക് തോന്നി. അതിൽ പലരും തങ്ങളുടെ ഉപജീവനമാർഗ്ഗമായി അതിനെ കാണുന്നവരും അതിന്റെ പദവികളുടെ ലഹരിയിൽ അലിഞ്ഞ് ചേർന്നവരും ആയിരുന്നു. പ്രകാശം പരക്കുമ്പോൾ അന്ധകാരം ഇല്ലാതാവുന്നത് പോലെ അവർ സദസ്സിൽ നിന്ന് ഒഴിഞ്ഞു പോയി.

എന്നാൽ തങ്ങൾ ഈ ജീവിതത്തിൽ തേടിക്കൊണ്ടിരിക്കുന്ന പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിരാമമിടുന്ന കുറച്ച് പുതിയ അറിവിനായി കുറച്ച് പേർ ആ യുവാവിനു ചുറ്റും കൂടി.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.