പരദൂഷണം
1
ബസ്സിന്റെ സൈഡ് സീറ്റാണെന്ന് തോന്നുന്നു ഒരുപാട് ചിന്തകളുടെ കറ പിടിച്ച റെക്കോര്‍ഡ് ഇട്ടിട്ടുണ്ടാവുക. തിരുവനന്തപുരത്തേക്കുളള ബസ് യാത്രക്കിടയിലാണ് അമ്മു തന്റെ ഭൂതകാലചിന്തകളെ കൂട്ടിനിരുത്തിയത്. മുടിയിഴകളിലും ചെവിയിലും അടിച്ചുകയറുന്ന തണുത്ത രാവിന്റെ കാറ്റിന് അവളുടെ ചിന്തകളെ ഉടക്കാനായില്ല.
ചിന്തകള്‍ അലഞ്ഞു ചെന്നത് കോളേജ് വരാന്തയിലാണ്. താന്‍ ജീവനു തുല്യം പ്രണയിച്ച വിനയന്റെ മുഖമാണ് മനസ്സില്‍. അമ്മുവിന്റെ മനസ്സിലിപ്പോള്‍ ഓടുന്നത് നേഴ്സിങ്ങിന്റെ മൂന്ന് കൊല്ലവും ആത്മാര്ത്ഥപ്രണയജോഡികളായി വിലസിയതുമാണ്. കുസൃതികളും സ്നേഹവുമൊക്കെ നിറഞ്ഞ ആ നാളിലെ ഓര്‍മ്മകള്‍ പുഞ്ചിരിയായി മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"മോളേ..", അലസമായ വിളി കേട്ട് അമ്മു ഉണര്‍ന്നു. "ഒന്നു നീങ്ങി ഇരിക്കുവോ..? നല്ല സന്തോഷത്തിലാണല്ലോ..?", അടുത്തിരുന്ന പ്രായമായ സ്ത്രീയുടെ ശബ്ദം. അമ്മു ഒരൽപം ഒതുങ്ങി. വീണ്ടും പുറം കാഴ്ച്ചകളിലേക്ക് മുഴുകി. വീണ്ടും ചിന്തകള്‍ അമ്മുവിനെ കീഴ്പ്പെടുത്തുവാന്‍ തുടങ്ങി.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടില്‍ ഇരുന്ന കുറച്ചു മാസങ്ങള്‍. അതിനിടയിലാണ് നാട്ടുകാര്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു തരം വട്ട് - പരദൂഷണം - പടർന്നത്. 'ഈ നേഴ്സുമ്മാരെയൊക്കെ വിശ്വസിക്കാന്‍ കൊളളില്ലത്രേ..!'
അങ്ങനെയിരിക്കയാണ് നാട്ടില്‍ അവള്‍ക്ക് ഒരു ഹോസ്പ്പിറ്റലില്‍ ജോലി ശരിയായത്. ഇതിനിടയില്‍ വിനയനുമായിട്ടുളള കൂടിക്കാഴ്ച്ചയും നടക്കുന്നുണ്ടായിരുന്നു. ആ ഇടക്കാണ് നാട്ടുകാരിലൊരാള്‍ അമ്മു വിനയന്റെ കൂടെ ബൈക്കില്‍ പോവുന്നത് കണ്ടത്. അത് നാട്ടില്‍ പാട്ടായി. നാട്ടുകാരുടെ എല്ലില്ലാത്ത നാവുകള്‍ അവളെക്കുറിച്ച് പലതും പറഞ്ഞുണ്ടാക്കി. അവസാനം വീട്ടുകാര്‍ അമ്മുവിനെ വിനയന് തന്നെ കല്ല്യാണം കഴിച്ചു കൊടുക്കുവാന്‍ ഒരുങ്ങി.
ണിം.. ണിം... ണിം! തുടരെയുളള മണിയടിയും കണ്ടക്ടറുടെ ശബ്ദവും കേട്ടാണ് അമ്മു ആലസ്യത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റത്. ബസ് പുറകോട്ടെടുക്കുന്നു. തിരുവനന്തപുരം സ്റ്റാൻഡെത്തി.
അവള് കയ്യില്‍ കരുതിയ ബാഗുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. സമയം രാവിലെ അഞ്ചു മണി. അവള് ഒരു ഓട്ടോ പിടിച്ചു. നല്ല ക്ഷീണമുണ്ട്. ഒരു തീപ്പൊരി വീണ് പുകയുന്നുണ്ട് ഉളളില്‍. സ്ഥലമെത്തി. അമ്മു ഓട്ടോയില്‍ നിന്നിറങ്ങി. സൂരൃന് ഉദിച്ചു വരുന്നേയുളളൂ.
അരണ്ടവെളിച്ചത്തില്‍ അമ്മു നോക്കി. ട്യൂബ് ലൈറ്റുകളൊക്കെ തെളിഞ്ഞു നില്ക്കുന്ന ഒരു വീട്ടിലേക്കാണ് അമ്മു ചെന്നത്. തന്റെ വിനയന്റെ ചേതനയറ്റ ശരീരത്തിന് അടുത്തെത്തി അവള്. ഇതുവരെ താന്‍ സംഭരിച്ച ധൈര്യത്തിന്റെ കെട്ടഴിച്ചു, പൊട്ടിക്കരഞ്ഞു!
അപ്പോഴും നാട്ടുകാരില്‍ ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു, 'ഇവള് കാരണമാണ് ആ ചെക്കന് അപകടത്തില്‍ മരിച്ചതത്രേ!'
1 |
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ എഴുതാൻ ഈ ലോഗിൻ ബട്ടൺ അമർത്തി ലോഗിൻ ചെയ്യൂ