ഒരു വായ്നോട്ടക്കഥ

1

കല്യാണരാമന്‍ സിനിമയിൽ ഒരാള്‍ ഇന്നസെന്റിന്റെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട് കല്യാണം കഴിക്കാത്തതില്‍ താങ്കള്‍ക്ക് ഒരു വിഷമവുമില്ലേ എന്ന്. അപ്പോള്‍ ഇന്നസെന്റിന്റെ മറുപടി ഇതാണ്, "കല്യാണം കഴിക്കണമെന്നു തോന്നുമ്പോള്‍ ഞാനൊരു ഉരുളിയെടുത്ത് അടുപ്പത്തു വയ്ക്കും. എന്നിട്ട് എണ്ണയൊഴിച്ച് ചൂടാക്കും. എന്നിട്ട് ഒരു കെട്ട് പപ്പടമെടുത്ത് അതില്‍ നിന്ന് ഓരോന്ന് ദിങ്ങനെ ശീ.. ശീന്ന് എണ്ണേലേക്കിടും. അപ്പോ എല്ലാ വിഷമവും മാറും."

സിനിമ കണ്ടോണ്ടിരുന്ന മനുവിന് സംശയം, "ഏ, എന്ത് വിഷമം?", മനു ചോദിച്ചു. വിഷമത്തിന് രണ്ട് അർത്ഥമുണ്ടെന്ന് ജോഷിച്ചേട്ടന്റെ ചിരിച്ചുള്ള മറുപടി. രണ്ട് അർത്ഥോ അതെന്താത്?

"ഹോ.. നീ ആ ഇർഷാദിന്റെ അടുത്ത് ചെന്ന് ചോദിക്ക്, അവൻ പറഞ്ഞു തരും അർത്ഥവും വ്യാകരണവുമൊക്കെ!"

"ങാ ഹാ! എന്നാൽ അതൊന്ന് അറിയൊണല്ലോ..", മനു ഇർഷാദിന്റെ റൂമിലേക്ക് ചെന്നു. ഇർഷാദ് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇർഷാദിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക ദിവസം ആയിട്ടില്ല അതുകൊണ്ടാവും ജോഷിച്ചേട്ടൻ ഇർഷാദിനോട് ചോദിക്കാൻ പറഞ്ഞത്. ഇം. മനസ്സിലായി.. എന്നാലും ഇവന്റെ മനസ്സിലിരുപ്പൊന്നറിയാലോ?

"ഇർഷാദേ.. നിനക്ക് വിഷമം എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ?", മനു ചോദിച്ചു. ഇർഷാദ് പതുക്കെ ചെവിയിൽ നിന്ന് ഫോണെടുത്ത് അടഞ്ഞ സ്വരത്തിൽ പറഞ്ഞു, "ദുഃഖ..ന്നല്ലേ? ഇയ്യാന്ന് പൊക്കേ.. ഒരോ മണ്ടൻ ചോദ്യായിട്ട് എപ്പഴും വന്നോളും!"

"ഹി..ഹി", റൂമിലേക്ക് ഇതെല്ലാം കേട്ടോണ്ടിരുന്ന ജോഷിച്ചേട്ടൻ കടന്നു വന്നു. "വാടാ മണ്ടാ.. ജീവിതത്തില്‍ വിഷമത്തിന്റെ പങ്കെന്താന്ന് ഞാൻ പറഞ്ഞു തരാം." മനുവിനേം കൊണ്ട് ജോഷിച്ചേട്ടൻ ടെറസ്സിലേക്ക് നടന്നു..

ജോഷിച്ചേട്ടൻ ചോദിച്ചു, "ഒരു പുരുഷൻ പൂർണ്ണനാകുന്നത് എപ്പഴാണെന്നറിയോ? വിവാഹത്തോടെയാണ് പുരുഷൻ പൂർണനാകുന്നത്. പുരുഷന്റെ അർദ്ധഭാഗമാണ് ഭാര്യ."

"അപ്പോൾ ഭാര്യ എങ്ങനെയുള്ള ആളാകണം?", മനുവിന്റെ ചോദൃം.

"അത് പലർക്കും പല കാഴ്ചപ്പാടാ.. എന്റൊരു കാഴ്ചപ്പാടനുസരിച്ച് തന്നേക്കാൾ താഴ്ന്നവരേ വിവാഹം കഴിച്ചാൽ മറ്റുള്ളവർ കളിയാക്കും. തന്നേക്കാൾ ഉയർന്നവരെ കല്യാണം കഴിച്ചാൽ അവിടെ വില കിട്ടുകയില്ല. വിദ്യയിലും ധനത്തിലും സൗന്ദര്യത്തിലും പ്രായത്തിലും സ്വഭാവത്തിലും ഒത്തവളെ ഭാര്യയാക്കണം. അനുസരണയുള്ളവളാവണം. മാതാപിതാക്കളോടും സഹോദരങ്ങളോടും വേണ്ടപ്പെട്ടവരോടും സ്നേഹമുള്ളവളാവണം."

"ഹോ.. അല്ല, അപ്പോൾ അതോ..വിഷമത്തിന്റെ അർത്ഥം?", ഒളികണ്ണിട്ട് മനു ചോദിച്ചു.

"വിഷമത്തിന് അങ്ങനെ പല അർത്ഥങ്ങളൊന്നുമില്ല. ഞാനത് നിന്നോട് തമാശ പറഞ്ഞതാ... ഉം.. പിന്നെ ആണിനും പെണ്ണിനും സമൂഹത്തിൽ തുല്യ പങ്കാണുള്ളത്, ജീവിതത്തിലും.. വെറുമൊരു ഭോഗവസ്തു മാത്രമാണ് പെണ്ണ് എന്ന് ചിന്തിക്കുന്നടത്താണ് പരാജയങ്ങളുണ്ടാവുന്നത്.. മനസ്സിലായോ?"

"മനസ്സിലായി, ഞാൻ വെറുതെ തമാശക്ക് ചോദിച്ചതാ ജോഷിച്ചേട്ടാ, എന്നോട് ചൂടാകേണ്ട." മനു പറഞ്ഞു.

"സോറീ ടാ.. ഞാൻ പെട്ടെന്ന് ഓവർ റിയാക്റ്റായി പോയി..", ജോഷിച്ചേട്ടൻ മനുവിനെ സമാധാനിപ്പിച്ചു.

അപ്പോഴാണ് ഇർഷാദ് ടെറസ്സിലേക്ക് വന്നത്. മനു ചോദിച്ചു, "ആരായിരുന്നു ഫോണിൽ ഇത്രേം നേരം?"

"കെട്ട്യോള്", ഇർഷാദ് മറുപടി പറഞ്ഞു.

പൊടുന്നനേ ജോഷിച്ചേട്ടൻ മനുവിന്റെ തോളത്ത് തട്ടി, "അളിയാ നോക്ക്.."

"എന്ത്?", മനുവിന്റെ ചോദ്യം.

"ദേ അത്", ജോഷിച്ചേട്ടൻ ചൂണ്ടിക്കാണിക്കുന്നു.. അപ്പുറത്തെ വീടിന്റെ ടെറസ്സിൽ കാണാന്‍ ഭംഗിയുള്ള ഒരു പെൺകുട്ടി നിൽക്കുന്നു.

"കൊള്ളാല്ലേ...", ഇർഷാദിന്റെ വക ഉത്തരം.

മനു ജോഷിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി.. "നമ്മളൊക്കെ മനുഷ്യന്മാരല്ലേ മനു..", ജോഷിച്ചേട്ടൻ മറുപടി പറഞ്ഞു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.