ഒരു കൊച്ചു ഗുരുവായൂർ യാത്ര

1

എനിക്ക് ജീവിതത്തിൽ വളരെയധികം ദൈവീകത അനുഭവിച്ചറിയാൻ സാധിച്ച ഒരു കൊച്ചു ഗുരുവായൂർ യാത്ര. ഒരിക്കൽ അച്ഛനുമൊത്ത് നടത്തിയ ആ യാത്ര എന്നും മനസ്സിൽ ആനന്ദം നിറക്കുന്നതായിരുന്നു. തലേദിവസം പെട്ടെന്നായിരുന്നു ഞങ്ങൾ പോവാൻ തീരുമാനിച്ചത്.

അച്ഛന് ഒന്നോ രണ്ടോ അടി നടന്നാൽ കുറച്ചു നേരം നിന്നതിനു ശേഷമേ നടക്കാൻ സാധിക്കുമായിരുന്നുള്ളു. അതിനാൽ കൊണ്ടു പോവാൻ സാധിക്കുമായിരുന്നില്ല. എങ്കിലും അച്ഛനോട് ചോദിക്കാം. എന്തായാലും നടക്കാനുള്ള പ്രയാസം കാരണം വരില്ല എന്നു തന്നെ വിചാരിച്ചു. എന്നാൽ ചോദിച്ച മാത്രയിൽ ഞാനും വരാം എന്ന ഉത്തരം എന്നെ അതിശയിപ്പിച്ചു കളഞ്ഞു.

ഇത്രയും തിരക്കുള്ള അമ്പലത്തിൽ എങ്ങനെ കൊണ്ടുപോവും എന്നായി എന്റെ ചിന്ത. എന്തായാലും അച്ഛനുമായി പോവാം എന്നു തന്നെ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ ഏകദ്ദേശം മൂന്ന് മണിയായിക്കാണും, ഞാൻ വിളിക്കുന്നതും കാത്തിരിക്കുകയായിരുന്നു അച്ഛൻ. ഇത്രയ്ക്ക് ഒരു ആവേശം ഇതിനു മുമ്പ് കണ്ടിട്ടില്ല, വളരെ പെട്ടെന്ന് തന്നെ ഒരു സുന്ദര കുട്ടപ്പനായി അച്ഛൻ ഞങ്ങളോടൊപ്പം തയ്യാറായി.

നല്ല കോരിച്ചൊരിയുന്ന മഴ അതിരാവിലെ തന്നെ ഞങ്ങൾക്ക് അകമ്പടിയായി കൂടെയുണ്ടായിരുന്നു. ഗ്ലാസ്സിലൂടെ ഒഴുകുന്ന പുഴ ഇരുളിനൊപ്പം മുന്നിലുള്ളതെല്ലാം അവ്യക്തമാക്കിക്കൊണ്ടിരുന്നു.

ഒരുബൾബ് വെളിച്ചത്തിലെവിടെയോ തെളിഞ്ഞുകണ്ട ഒരു തട്ടുകടയുടെ അരികിലായി ഞങ്ങൾ വണ്ടി നിർത്തി. അച്ഛന്റെ മനസ്സിനെ വായിച്ചറിഞ്ഞതിലെ സന്തോഷം ആ മുഖത്ത് ഒരു പ്രകാശം പരത്തിയിരുന്നു. അത്രയ്ക്കുണ്ട് തട്ടുകടയിലെ ആ കാലിച്ചായയൊടുള്ള പ്രണയം.

കുടിച്ചുതീർത്ത ആ ചൂടുചായയുടെ ആവേശത്തിൽ മുന്നിൽ വേലിക്കെട്ടുകൾ തീർത്തുകൊണ്ടിരിക്കുന്ന ആ സുന്ദരി മഴയെ ആസ്വദിച്ചുകൊണ്ട് ഞങ്ങളുടെ ചുമന്ന സുന്ദരൻ കാറ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

അങ്ങനെ നല്ലൊരു സുപ്രഭാതത്തിൽ ഞങ്ങൾ ശ്രീഗുരുവായൂരപ്പന്റെ മണ്ണിലെത്തി. അച്ഛന് നടക്കാൻ പ്രയാസമായതിനാൽ അമ്പലത്തിനടുത്ത് റൂമു കിട്ടുമോ എന്ന അന്വേഷണമായിരുന്നു ആദ്യ ദൗത്യം. കുറച്ചു തിരച്ചിലുകൾക്ക് ഒടുവിൽ അമ്പലത്തിന് അരികിലായി ഒരു ചെറിയ വീട് കിട്ടി. കാല് എടുത്തു വയ്ക്കുന്നത് അമ്പലത്തിന്റെ മുറ്റത്തേക്ക്, അതുതന്നെ എന്നെ ശരിക്കും അതിശയിപ്പിച്ചു. സാധാരണ തിരക്കുള്ളപ്പോൾ അടുത്തുള്ള മുറികൾ ഒഴിവുണ്ടാവാറില്ല.

പിന്നെ അല്പം വിശ്രമിച്ച ശേഷം അമ്പലത്തിലേക്ക് പോവാൻ തീരുമാനിച്ചു. അച്ഛനെയും കൊണ്ട് അമ്പലത്തിനകത്തേക്ക് പോവാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഞാനും വരുന്നു എന്ന് അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് ഒന്നുംപറയാൻ തോന്നിയില്ല. എന്തായാലും പുറമെ നിന്ന് തൊഴുത് പോരമല്ലോ എന്നോർത്ത് നടന്നു തുടങ്ങി. നോക്കിയാൽ കാണാവുന്ന ചെറിയ ദൂരത്തേക്ക് വളരെ സാവധാനം ഞങ്ങൾ നടന്നു നീങ്ങി. ചുറ്റുപാടുമുള്ള തിരക്കിന്റെ ഭാവങ്ങളെയെല്ലാം കുറെശ്ശേയായി ആസ്വദിച്ച് ഞങ്ങൾ നടയിലെത്തി.

ശയനപ്രദക്ഷിണത്തിന്റെ അനുമതി കിട്ടിയതിനാൽ, ചുറ്റമ്പലത്തിന് അകത്ത് കടക്കാൻ സാധിച്ചു. അമ്പലത്തിന് ചുറ്റും അകത്തു കേറുവാനായി നീണ്ട നിരയായിരുന്നു. അച്ഛന്റെ മുഖത്തെ ആവേശം കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് അകത്തേക്ക് കടത്തിവിടാമോ എന്ന് ചോദിക്കാനായി ഒരു ആഗ്രഹം. അച്ഛന് തീരെ നടക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് ധരിപ്പിക്കുന്നതിൽ ഞാൻ പരാജിതനായി. എന്നാൽ ഇതെല്ലാം ഈ തിരക്കിനിടയിലും വീക്ഷിക്കുന്നുണ്ടായിരുന്ന ഒരു ഉയർന്ന ജീവനക്കാരൻ അകത്തേക്ക് കടത്തി വിടുവാനുള്ള അനുവാദം തന്നു ഞങ്ങളെ അനുഗ്രഹിച്ചു.

പിന്നെ എങ്ങനെയും തിരക്കിൽ പെടാതെ അകത്തു കേറാനുള്ള ശ്രമമായിരുന്നു. എന്നാൽ വളരെ നിസാരമായി തന്നെ ഒരു തിക്കിലും തിരക്കിലും പെടാതെ അകത്തു കയറി തൊഴാൻ സാധിച്ചു. അപ്പോഴും ഞാൻ അച്ഛന്റെ മുഖത്ത് കവിഞ്ഞൊഴുകിയിരുന്ന ആ ആനന്ദത്തെ തന്നെ ആസ്വദിച്ചു കൊണ്ടേയിരുന്നു.

നിറഞ്ഞ ദൈവീകതയെ സാക്ഷ്യം വഹിച്ച ആ യാത്ര ഇന്നും എന്റെ മനസ്സിനെ കുളിരണിയിക്കുന്നു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.