നിലാവ് പെയ്യുമ്പോൾ

1

ഭാഗം ഒന്ന്

എന്നും കാലത്ത് എട്ടു മണിക്ക് ഡ്യൂട്ടിക്ക് എത്തുമ്പോള്‍ ഒരേ ഒരു ചിന്ത വൈകിട്ട് ഡ്യൂട്ടി എപ്പോള്‍ കഴിയും എന്നതിനെ കുറിച്ചാണ്. പിന്നെ കാലത്ത് ഒരു പതിനൊന്നു മണിയെങ്കിലും ആവും ബോസ്സ് എത്താന്‍. അതുവരെ ഫേസ്ബുക്കിലെ കൂട്ടുകാരോടൊപ്പം അങ്ങിനെ പോവും.

പരമാവധി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഒഴിവാക്കും. പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ ഇഷ്ടമില്ലാതെ അല്ല, മറിച്ച് ഫെയ്ക് ആവും കൂടുതലും, അതുകൊണ്ടാണ്. പിന്നെ അത്രയും അറിയാവുന്ന പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഓക്കേ, അതാണ്‌ പതിവ്.

കുറച്ചു ദിവസമായി ജാസ്മിന്‍ എന്ന പേരില്‍ കുറെ മെസ്സേജുകള്‍ വരുന്നു. ഏതോ കൂട്ടുകാരന്‍ ആണ് ഈ ജാസ്മിന്‍. അതുകൊണ്ട് തന്നെ റിക്വസ്റ്റ് കണ്ടില്ല എന്ന് നടിച്ചു.

"നിനക്കെന്നെ അറിയാം, പിന്നെന്തേ ഇങ്ങിനെ ഒഴിവാകുന്നു?", ഇന്ന് ഇത്രേയുള്ളൂ. ഇനി എന്തായാലും ആഡ് ചെയ്യുക തന്നെ.

"ഹായ്, നന്ദിയുണ്ട് ഒരുപാട്. എനിക്കറിയാം നീ എന്നെ ആഡ് ചെയ്യും എന്ന്, അതല്ലെ ഞാന്‍ വിടാതെ മെസേജസ് അയച്ചു കൊണ്ടിരുന്നത്", ദാ കിടക്കുന്നു തുരുതുരാ മെസ്സേജ്!

"ഹായ്, നീ അപ്പോള്‍ ഓണ്‍ലൈനില്‍ തന്നെയുണ്ടായിരുന്നു, അല്ലേ? സത്യം പറ, ജാസ്മിന്‍ എന്ന് തന്നെയാണോ പേര്?"

അതെ എന്നവള്‍ പറഞ്ഞു. വിശ്വസിക്കുക തന്നെ. അവിടം മുതല്‍ ഒരു പുതിയ സൗഹൃദം തുടങ്ങുകയായിരുന്നു.

ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. മറ്റു കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള്‍ പരിഭവം ആണ്, പുതിയ പോസ്റ്റ്‌സ് ഇല്ല, കമന്റ്സ് ഇല്ല അങ്ങിനെ പോവുന്നു. അതിലും വലിയ പരിഭവം വീട്ടില്‍ നിന്നും ഭാര്യയുടെയാണ്. എന്നും കാലത്ത് ഒരുപാട് സംസാരിക്കാറുള്ളതല്ലേ, ഇപ്പോള്‍ ഇതെന്തു പറ്റി ഇങ്ങനെ? ഓഫീസില്‍ പിടിപ്പതു പണിയുണ്ട് എന്ന് പറഞ്ഞ് ഒഴിവാവും. എന്ന് കരുതി ഇത് പ്രേമം ഒന്നും അല്ല എന്ന് ഞാന്‍ ഇടയ്ക്ക്കിടെ എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.

* * *

എന്നും രാവിലെ എന്തെങ്കിലും ഒക്കെ വിഷയങ്ങള്‍ ഉണ്ടാവും ചാറ്റ് ചെയ്യാന്‍.

"ഷെമിക്ക ഞങ്ങളുടെ നാട് അറിയുമോ?"

"പാലക്കാട് എന്നല്ലേ പ്രൊഫൈലില്‍ ഉള്ളത് പാലക്കാട് ഞാന്‍ അറിയും"

"പാലക്കാട് മഞ്ഞിലമുക്ക് അറിയും? അവിടെയാണ് എന്റെ സ്ഥലം", സത്യത്തില്‍ ഇത്രയും ദിവസമായിട്ടു ശരിക്കും സ്ഥലം ചോദിച്ചില്ല. പക്ഷെ 'മഞ്ഞിലമുക്ക്', അത് നല്ല പരിചയം ഉള്ള സ്ഥലം ആണ്. അത് ഞാന്‍ പറഞ്ഞു. എങ്ങിനെയാണ് ഇത്ര പരിചയം എന്ന് അവള്‍.

"അത് പറയാം, എന്നെ കളിയാക്കരുത് ", ഇല്ല എന്നവള്‍ വാക്ക് തന്നു. എന്റെ വിവാഹം ആദ്യം ഉറപ്പിച്ചത് മഞ്ഞിലമുക്കില്‍ ഉള്ള ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. പക്ഷെ അത് മുടങ്ങി.

"എന്തായിരുന്നു കാരണം?", എന്ന് അവള്‍. ഇനിയാണ് ഞാന്‍ കളിയാക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുള്‍.

ഒരു ദിവസം രാത്രി ബ്രോക്കര്‍ സിദ്ദിക്കയും എന്റെ അമ്മാവനും കൂടി വീട്ടില്‍ വന്ന് "ഷെമീര്‍, ഈ കല്യാണം ഇനി നടക്കില്ല", എന്ന് പറഞ്ഞു. പെട്ടെന്നൊരു ദിവസം കൊണ്ട് ഇതെങ്ങനെ സംഭവിച്ചു, എന്താണ് കാരണം.

"ഇല്ല, ഞാന്‍ ഇനി വിവാഹം കഴിക്കുമെങ്കില്‍ അവളെ മാത്രമേയുള്ളൂ. നിങ്ങള്‍ എല്ലാവരും കൂടി കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചതല്ലേ, പിന്നെ ഇപ്പോള്‍ എന്താ?, ഉമ്മാക്കും ഉപ്പാക്കും ഒന്നും പറയാനില്ലേ?"

"ഹാ, ഇനി നിനക്ക് അവളെ തന്നെ മതി എങ്കില്‍ കേട്ടോ, അവള്‍ മറ്റാരുടെയോ കൊച്ചിനെ വയറ്റിലിട്ടോണ്ടാ നടക്കുന്നെ!"

ഒരു നിമിഷം! എന്താണ് നടക്കുന്നത് എന്നറിയുന്നില്ല. ഒരു ഭയങ്കര പ്രകാശം, അതെനിക്ക് ചുറ്റും, കണ്ണുകള്‍ ഇറുക്കി അടച്ചു. സൂര്യനും മറ്റു ഗ്രഹങ്ങളും എനിക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുന്നു. കണ്ണുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഞാന്‍ കിടക്കുകയാണ്. ഉമ്മ അടുത്തിരിക്കുന്നു, കയ്യില്‍ ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളം ഉണ്ട്.

"നീ വായിക്കുന്നുണ്ടോ?", റിപ്ലൈ ഇല്ല. ചോദ്യം ആവര്‍ത്തിച്ചു. ഇല്ല, ഒരു പക്ഷെ അവള്‍ ചിരിച്ചു ചിരിച്ച് ഇരിക്കുന്നിടത്ത് നിന്നും വീണുപോയോ?
"ഞാന്‍ അപ്പോളും പറഞ്ഞതല്ലേ, കളിയാക്കരുത് എന്ന്.., നീ ചിരിക്ക്..! നാളെ കാണാം."

"ഇല്ല ഞാന്‍ ചിരിക്കുകയല്ല..! ഒരു കാര്യം ചോദിക്കട്ടെ..? അതിനു ശേഷം നീ അവളെ വിളിച്ചോ..?"

"ഇല്ല, അവളുടെ പേര് കേള്‍ക്കുമ്പോൾ തന്നെ കലിയാണ്."

"നിനക്ക് ഉറപ്പുണ്ടായിരുന്നോ അവള്‍ അങ്ങിനെ ആയിരിക്കും എന്ന്?"

അപ്പോള്‍ അതിനു എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ അടുത്ത വാക്കുകള്‍, "എന്റെ പേര് ഷാഹിന, സ് ഥലം 'മഞ്ഞിലമുക്ക്' ചിലപ്പോള്‍ ഷെമിക്ക അറിയുമായിരിക്കും..!"

ഷാഹിന! പതിമൂന്നു ദിവസം നീണ്ടു നിന്ന ഒരു പ്രണയം.., എല്ലാവരും അനുഗ്രഹിച്ച് അശീര്‍വദിച്ചു നല്‍കിയ ബന്ധം. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുന്‍പേ എല്ലാം അവസാനിച്ചു! പിന്നെ എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ചു. ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും അവളെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആ ഓര്‍മ്മകള്‍ പോലും വെറുപ്പുളവാക്കുന്ന ഒന്നായിരുന്നു എന്നതായിരുന്നു സത്യം.

ഇപ്പോള്‍ അവള്‍ തന്നെ മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ. എന്താണ് ഇവളുടെ ഉദ്ദേശം?

"ഹലോ", അവളുടെ മെസ്സേജ് ആണ്.

"പ്ലീസ്, എനിക്ക് പറയാനുള്ളത് കേള്‍ക്കണം, ഉപദ്രവിക്കാന്‍ ഒന്നും അല്ല. അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരു പെണ്ണ് വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരിക്കല്‍ പോലും ഞാന്‍ ആരെന്നു വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പക്ഷെ, ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാരണം ആണ് നമ്മുടെ വിവാഹം മുടങ്ങിയതിന് കാരണമായി ഷെമിക്ക പറഞ്ഞത്! അതുകൊണ്ടാണ് ഞാന്‍…"

ഇല്ല! ഇനി മുമ്പോട്ടില്ല, കാരണം എന്ത് തന്നെ ആയിരുന്നാലും ഇതൊരു അടഞ്ഞ അദ്ധ്യായം ആണ്. അതിവിടെ തന്നെ വിട്ടുകളയാം. ഒരു ബൈ പോലും പറയാതെ 'സൈന്‍ ഔട്ട്‌' ചെയ്തു.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.