നീ മാത്രം

1

ഇതിപ്പോ പ്രണയമോ വിരഹമോ..? ഒരു ചോദ്യവും അതോടൊപ്പം വലതു ഭാഗത്തെ ഇയർ ഫോൺ ഒരു ഇടതുചെവി സ്വന്തമാക്കിയതും അറിഞ്ഞു. കാതിൽ മധുരമുള്ള ശബ്ദം - 'ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി...' കുസൃതിയോടെ ഒരു പുഞ്ചിരിയാണ് ആ മുഖത്ത്. ഭംഗിയുള്ള, കരുണ നിറഞ്ഞ മിഴികൾ... ഹൃദയമേ... നിനക്ക് പ്രിയപ്പെട്ടവൻ.

കാലം കടന്നു പോകുകയാണ്..

"അതേയ് എനിക്കൊരാളെ ഇഷ്ട്ടമാണ്. നിന്നെക്കുറിച്ച് പറഞ്ഞപ്പോ നിന്നോടും സംസാരിക്കണമത്രേ..."

"പിന്നെന്താ...", പെട്ടെന്നാണ് മറുപടി. "എന്താണ് സംസാരിച്ചത്?"

"അറിയണോ..?", മറുചോദ്യം.

"പിന്നേ.. തീർച്ചയായും.."

"എന്നാൽ കേട്ടോ.. എന്റെ കൂട്ടുകാരിയെ സന്തോഷത്തോടെ ഇരുത്തണമെന്നും അവൾക്കു വേദനിക്കുന്നത് എനിക്ക് സഹിക്കില്ലെന്നുമാണ് പറഞ്ഞത്..."

ഹൃദയം ശക്തമായി മിടിക്കുന്നു. ഒപ്പം മനസ്സിൽ ഒരു തണുപ്പ്. എനിക്ക് നോവാതിരിക്കാൻ.., എന്റെകൂടെ ഒരാൾ - എനിക്ക് പ്രിയപ്പെട്ടവൻ...

വർഷങ്ങൾ മുന്നോട്ട്...

"നീയിതുകണ്ടോ...", കയ്യിൽ ഒരുപിടി ഡയറി പേജുകൾ. അതിലെ എഴുത്തുകൾക്ക് മങ്ങൽ. പിന്നെ കുറച്ച് കീ ചെയിനുകൾ... അതാവട്ടെ എല്ലാം ശിവമയം!

ഒന്നു പുഞ്ചിരിച്ചു. ആശ്ചര്യമാണ് തന്റെ മുഖത്ത്... എന്നോ എന്തൊക്കെയോ കുത്തിക്കുറിച്ച പേജുകൾ! തമ്മിലുള്ള പിണക്കങ്ങളും പരിഭവങ്ങളും എല്ലാമാണതിൽ.

"ഇപ്പോഴുമുണ്ടോ ഇതൊക്കെ..!"

"പിന്നെ നീയെന്തുകരുതി..? ഇതൊക്കെയല്ലേ ജീവിതം...", ചേർത്തുപിടിച്ച കൈകൾ.. പുഞ്ചിരിക്കുന്ന മിഴികൾ.. ഒരിക്കലും വേദനിപ്പിക്കില്ലെന്നു പറഞ്ഞവൻ തന്ന തീരാവേദന നെഞ്ചിൽ വിങ്ങുമ്പോൾ വീണ്ടും മഞ്ഞിന്റെ തണുപ്പ്.. എന്റെ കൂടെ ഉള്ള, എന്നെ നോവിക്കാത്ത എന്റെ പ്രിയപ്പെട്ടവൻ..

കുറച്ച് കൂടി മുൻപോട്ട്...

തന്റെ കല്യാണമാണ്.. "എടി, ഉള്ള കണ്മഷിയെല്ലാം വാരി കണ്ണിൽ തേച്ചേക്കരുത്.. ലൈറ്റ് ആയിട്ടെഴുത്. അതാണ്‌ ഭംഗി.", പല പല നിർദേശങ്ങൾ.. ഉള്ളിൽ വിങ്ങുന്നുണ്ട്...

'എടാ ഒപ്പം നിൽക്കാമോ..?', മാറിനിന്ന് തന്നെ വീക്ഷിക്കുന്നവനോട് ചോദിക്കാതെ ചോദിച്ചു. ആ മിഴികൾ ചിമ്മുന്നുണ്ട്... എവിടെനിന്നോ ഒരു കുടം തണുപ്പ്!

നാളുകൾ കടന്നു...

"എടിയേ, എന്റെ പിറന്നാൾ നീ മറന്നുപോയി അല്ലേ ഹ്മ്മ്.. സാരമില്ല.. നിനക്ക് സന്തോഷം തന്നെയല്ലേ..?", കാതിൽ പരിഭവസ്വരം. ഒക്കെയും തന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കുന്നു. ഹൃദയത്തിൽ വീണ്ടും തണുപ്പ്! എന്നെ സന്തോഷിപ്പിക്കുന്നവൻ. എന്റെ പ്രിയപ്പെട്ടവൻ...

വാർദ്ധക്യകാലമാണ്... യാത്രകളെ എന്നും ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ഒരിക്കലെങ്കിലും കാശിവിശ്വനാഥന്റെ സന്നിധിയിൽ എത്തണമെന്നത് ഒരു സ്വപ്നമായിരുന്നു. അവിടെയും അവനെന്നെ അതിശയിപ്പിച്ചു. നിറുകയിലെ സിന്ദൂരം മാഞ്ഞപ്പോൾ പോലും എന്നിൽ കരുതൽ തീർത്തവനാണ്... അവനെന്നെ അറിയാതിരിക്കുമോ?

വളരെ നാളുകൾക്കു ശേഷം ഒന്നിച്ചൊരു യാത്ര... ഗംഗആരതിപൂജ ഘാട്ടിൽ നിന്ന് നോക്കിക്കാണുകയായിരുന്നു ഞങ്ങൾ. "എടാ.... ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവുമോ... നമ്മൾ തമ്മിൽ ഒരു ജന്മത്തിന്റെ അകലം വീണ്ടും ഉണ്ടാവുമെന്ന് മനസ് പറയുന്നു... ഈ ജന്മം കഴിയാറായതുപോലൊരു തോന്നൽ...", വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനൊരു സംസാരം. അവനിൽ മൗനമാണ്... ആ നെഞ്ചും വിങ്ങുന്നതറിയാം... എന്റെ പ്രിയപ്പെട്ടവനല്ലേ... ഞാൻ നോവിച്ചാലും എന്റെ മനസ്സിൽ തണുപ്പ് വീഴ്ത്താൻ അറിയുന്നവൻ!

നിറുകയിൽ വാത്സല്യത്തിന്റെ തണുപ്പ് അറിയുന്നുണ്ട്. ഇടതടവില്ലാതെ അത് പതിയുന്നു. മൃദുവായി... പിന്നീട് വന്യമായി! മനസ്സിൽ മഞ്ഞുതുള്ളികൾ പൊഴിയുന്നു. ആ കരവലയത്തിലാണ്...

അടുത്തുള്ളപ്പോഴൊക്കെയും മനസ്സിൽ നിറയുന്ന ചോദ്യം വീണ്ടും തികട്ടിവരുന്നു, "എന്നോട് എത്രത്തോളം ഇഷ്ടമുണ്ട്..?", പതിവുപോലെ മറുപടിയായി കിട്ടുന്ന പുഞ്ചിരിയില്ല... ആ മുഖത്തേക്ക് ഉറ്റുനോക്കി. നിറഞ്ഞൊഴുകുന്ന ഭംഗിയുള്ള മിഴികൾ - ഒരിക്കലും നിറയരുതെന്നു ആഗ്രഹിച്ച മിഴികൾ...

എന്തുകൊണ്ടോ എന്നോ പാടിയ വരികൾ ഒരിക്കൽ കൂടി കാതിൽ പതിക്കുന്നു - "വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓർമകളിൽ..."

ഇനിയുമൊന്നും ചോദിക്കാൻ കഴിയില്ലല്ലോ. എന്നിൽ നിറയെ തണുപ്പല്ലേ... നീയെനിക്കേകിയ സുരക്ഷിതത്വത്തിന്റെ കമ്പളത്തിനെയും മറികടന്നെത്തുന്ന എന്റെ മരണത്തിന്റെ തണുപ്പ്!

"ഇനി നീയും ഞാനും എന്നുള്ളതില്ല... നീ മാത്രം! ഞാനില്ലാതെ നീ മാത്രം..."

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.