മുത്തപ്പൻ
1
മൂന്നു വർഷം മുൻപായിരുന്നു ഞാൻ ഒരു പ്രവാസി ആയത്. കുഞ്ഞിരാമേട്ടന്റെ കൂടെയാണ് താമസം. ദേറായിലെ ചേരി പ്രദേശത്തെ ഒരു ഇടുങ്ങിയ മുറിയിൽ. കൂടെ കുഞ്ഞിരാമേട്ടൻ ഉണ്ടായതു കൊണ്ട് മാത്രം ഞാൻ കഴിഞ്ഞ വർഷങ്ങളിൽ ദുബായിൽ പിടിച്ചു നിന്നു. അല്ലെങ്കിൽ ആദ്യമാസം തന്നെ നാട്ടിലേക്കു തിരിച്ചേനെ.
കുഞ്ഞിരാമേട്ടൻ ഗൾഫിൽ എത്തിയിട്ട് ഇത് ഇരുപത്തിമൂന്നാം വർഷമാണ്. അച്ചന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. തൊണ്ണൂറുകളിൽ എപ്പഴോ അദ്ദേഹം അച്ഛന് എഴുതിയ ഒരു കത്ത് കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ വീടിന്റെ പുറകിലെ ചായ്പ്പിൽ നിന്നും കിട്ടിയത് ഓർക്കുന്നു. അതിൽ അദ്ദേഹം അച്ഛനോട് പറയുകയുണ്ടായി, 'ഒന്ന് രണ്ടു വർഷം കൂടി ഇവിടെ ജോലി ചെയ്ത് കുറച്ചു സമ്പാദിച്ച് നാട്ടിൽ വന്ന് എന്തേലും ജോലി ചെയ്തു ജീവിക്കുന്നതാ നല്ലത് എന്നു തോന്നുന്നു. ഇവിടെ കുറേ കാലം ജീവിക്കുന്നതിൽ അർത്ഥമില്ല'.
കുഞ്ഞിരാമേട്ടനെ കാണുമ്പോൾ ആ എഴുത്തിന്റെ കാര്യം ഓർമ്മ വരും. അങ്ങനെ എത്ര ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞു! ഓർക്കുമ്പോള്‍ എനിക്കും ഭാവിയിലെ ഒരു വലിയ ശൂന്യത മനസ്സിൽ നിറയുന്നതു പോലെ തോന്നി. ഒരു തവണ പ്രവാസി ആയാൽ പിന്നെ ഇവിടുന്നു രക്ഷപ്പെടാൻ ആവില്ലേ?!
കുഞ്ഞിരാമേട്ടൻ ഒരു വലിയ ഭക്തനാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ആണ് അദ്ദേഹത്തിന്റെ ഹീറോ. മുത്തപ്പന്റെ വളരെ ചെറിയ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ മുറിയിൽ അദ്ദേഹം കിടക്കുന്ന ഭാഗത്തായി ചുവരിൽ ആണി തറച്ചു വെച്ചിട്ടുണ്ട്. ഉറങ്ങാൻ നേരത്ത് പറയും, താൻ മുത്തപ്പന്റെ പാദങ്ങളിലാ തല വെച്ച് ഉറങ്ങുന്നെ എന്ന്.
എനിക്ക് ഈ ദൈവവിശ്വാസികളെ പണ്ടേ ഇഷ്ടമല്ല. എന്തൊരു വിഡ്ഢികൾ! ഓരോ ദൈവ സങ്കല്പ്പത്തിലും ഉണ്ട് ഒരു നൂറു വിഡ്ഢിത്തങ്ങൾ. ആരോ പറഞ്ഞുണ്ടാക്കിയ നുണക്കഥകളിലെ വീരനായകരെ ആരാധിക്കുന്നവർ! നാട്ടിലെ തീയേറ്ററിൽ പുതിയ പടം റിലീസ് ആവുമ്പോ നായകൻറെ വലിയ ഫ്ലക്സ് രൂപങ്ങളിൽ പാലഭിഷേകം ചെയ്യുന്നവരും ഈ ദൈവവിശ്വാസികളും തമ്മിൽ എന്ത് വ്യത്യാസം? എല്ലാം ഓരോരോ വിഡ്ഢിത്തങ്ങൾ. പറഞ്ഞു വരുമ്പോൾ സമൂഹത്തിലെ ഒരു വലിയ വിഭാഗം തന്നെ വിഡ്ഢികളായി ജനിച്ചു മണ്ടത്തരങ്ങളിൽ ജീവിച്ചു പടുവിഡ്ഢികളായി മരിക്കുന്നു.
അതിൽ ഒരു പ്രതിനിധി മാത്രമാണ് ഈ കുഞ്ഞിരാമേട്ടൻ. പക്ഷേ എനിക്ക് ഒരിക്കലും അദ്ദേഹത്തെ വിമർശിക്കാൻ ആവില്ല. കാരണം അദ്ദേഹമാണ് എനിക്ക് ഇപ്പോൾ ഒരു ഉപജീവനമാർഗ്ഗം സമ്മാനിച്ചത്. മാത്രമല്ല തുടക്കത്തിൽ ഒരു പ്രവാസി അനുഭവിക്കുന്ന ദുരിതങ്ങൾ ഒന്നും എന്നെ അറിയിക്കാതെ അദ്ദേഹം എനിക്ക് വേണ്ടി പല പല ഉപകാരങ്ങൾ ചെയ്തതും ഇപ്പഴും സഹായിച്ചു കൊണ്ടിക്കുന്നതും ഞാൻ മറന്നുകൂടാ. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, "പൊന്നു മുത്തപ്പനെ എപ്പഴും വിളിച്ചു കരയുന്നുണ്ടല്ലോ, എന്നിട്ടും എന്തേ മുത്തപ്പൻ നിങ്ങളുടെ കഷ്ട്ടപ്പാടൊക്കെ മാറ്റാതെ? എത്ര കാലമായി ഈ മരുഭൂമിയിൽ ഇങ്ങനെ ജീവിക്കുന്നു?"
അദ്ദേഹം ഒരു കുഞ്ഞിനു പുതിയതായി ഒരു കാര്യം പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു, "ഭക്തന് ഇഷ്ടംപോലെ പണം കൊടുക്കലല്ല മുത്തപ്പന്റെ ജോലി. മാത്രമല്ല എത്രയും പെട്ടെന്ന് ഒരു പണക്കാരൻ ആക്കണേ എന്നല്ല ഒരു യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. കഷ്ടപ്പാടും ദുരിതങ്ങളും ഇല്ലാതെ ജീവിതത്തിന് എന്തർഥം! പക്ഷേ ആ ദുരിതങ്ങളിൽ തകർന്നു പോവാതെ എന്നും കരുത്തു നൽകുന്നത് മുത്തപ്പനാണ്."
പുതിയൊരു ജ്ഞാനത്തെ തലയിൽ കയറ്റാനാവാതെ പാടു പെട്ടപ്പോൾ ഒരു കോട്ടുവായിട്ടു ഞാൻ അതിനെ വിഴുങ്ങി.
അദ്ദേഹം എന്നോട് ചോദിച്ചു, "നീ നിന്റെ അച്ഛന് ഒരു മാസത്തിൽ എത്ര തവണ ഫോണ്‍ ചെയ്യും?"
"അത് പിന്നെ, അച്ഛൻ എപ്പഴും ഒരു മാതിരി ചൊറിയുന്ന വർത്തമാനമേ പറയൂ.. പിന്നെങ്ങനെ വിളിക്കും!"
"സ്വന്തം അച്ഛനെപ്പോലും വിളിക്കാത്ത നീ എങ്ങനെ മുത്തപ്പനെ വിളിക്കും?"
അല്പം തോറ്റു പോയ ഞാൻ നീരസത്തോടെ ഒരു ചളി പുരണ്ട തമാശ പറയാനാഞ്ഞു. പിന്നെ വളരെ പതുക്കെ സ്വയം പറഞ്ഞു, "വിളിച്ചാൽ ഉടനെ അറ്റൻഡ് ചെയ്യാൻ മുത്തപ്പൻ മൊബൈൽ ഫോണും കൊണ്ടല്ലേ നടക്കുന്നേ!"
കുഞ്ഞിരാമേട്ടന്റെ ഭക്തിയെ വിമർശിച്ചും പരിഹസിച്ചും മറ്റു സഹമുറിയന്മാർ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് എല്ലാറ്റിനും മറുപടി പറയും. 'പടുവിഡ്ഢി' എന്ന് അദ്ദേഹത്തെ മുറിയിലെ മറ്റു പലരും ഭക്തിവിഷയം സംസാരിക്കുന്ന വേളയിൽ അഭിസംബോധന ചെയ്തിട്ടുണ്ട്. അദ്ദേഹം അപ്പോഴും പുഞ്ചിരിക്കും. എന്നെ ആയിരുന്നു വിഡ്ഢി എന്ന് വിളിച്ചിരുന്നതെങ്കിൽ എനിക്ക് കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചു കേറിയേനെ അരിശം!
ഇപ്രാവശ്യം ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാണ് നാട്ടിലേക്കു തിരിച്ചത്. എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു മക്ഡൊവൽസിന്റെ കുപ്പികൾ ഒന്ന് രണ്ടെണ്ണം വാങ്ങി വെക്കുമ്പോൾ അദ്ദേഹം എന്നോട് പതുക്കെ പറഞ്ഞു, "ഒരു കുപ്പി മുത്തപ്പന് കൊടുക്കണം."
ഞാൻ ഒരു പുച്ഛഭാവത്തിൽ ചാലിച്ച ഗൗരവം മുഖത്ത് വരുത്തി ഇടം കണ്ണിട്ട് അദ്ദേഹത്തെ നോക്കിക്കൊണ്ട് ചോദിച്ചു, "ഏതു മുത്തപ്പൻ?"
അദ്ദേഹം പറഞ്ഞു, "ആൽത്തറക്കാവിൽ ഈയാഴ്ച മുത്തപ്പന്റെ തിറവെള്ളാട്ടം ഉണ്ടുടോ.. അല്ല, അമ്പലത്തിൽ പോലും പോവാത്ത നിന്നോടല്ലേ ഞാൻ പറയുന്നത്!"
ടാക്സിയിൽ ഇരിക്കുമ്പോൾ കുഞ്ഞിരാമേട്ടൻ പറഞ്ഞു, "ഇത്തവണ ഒന്ന് മുത്തപ്പനെ കാണാൻ വന്നുകൂടെ നിനക്ക്? എന്തൊക്കെ അത്ഭുതങ്ങളാ മുത്തപ്പൻ മുഖത്ത് നോക്കി പറയുന്നത് എന്ന് അറിയാമോ നിനക്ക്? സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ചടങ്ങ് അല്ലെടോ..."
ഞാൻ ഒന്നും പറഞ്ഞില്ല.
ആൽത്തറക്കാവിലെ തിറവെള്ളാട്ടത്തിന്റെ തലേന്ന് ഒരു സംഭവം നടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുഞ്ഞിരാമേട്ടന്റെ വീട്ടിൽ ചെറുപ്പക്കാരുടെ വക കലശം വെപ്പ് എഴുന്നള്ളത്ത് ആയിരുന്നു. ഒരു ദുബായിക്കാരൻ നാട്ടില്‍ എത്തിയതല്ലേ. അതിൽ ഒരു പോക്കിരി അന്ന് രാത്രിയിലെ ആഘോഷപരിപാടികളുടെ ഭാഗമായി കുഞ്ഞിരാമേട്ടന്റെ ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന മുത്തപ്പന്റെ കുപ്പിയും അടിച്ചു മാറ്റി മുറ്റത്തെത്തി മറ്റുള്ളവരുമായി പങ്കിട്ടു കുപ്പികാലിയാക്കി. കുഞ്ഞിരാമേട്ടനെ ഒന്നും പറയാൻ യുവജനസംഘം അനുവദിച്ചില്ല.
പിറ്റേന്ന് ഉച്ചയ്ക്കു ടൗണ്‍ വരെ പോകാൻ അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുകൂടി പോവുകയായിരുന്നു ഞാൻ. അപ്പോഴുണ്ട് കുഞ്ഞിരാമേട്ടൻ മുറ്റത്തു കുന്തിച്ചിരിക്കുന്നു. ഞാൻ അതിശയത്തോടെ ചോദിച്ചു, "കുഞ്ഞിരാമേട്ടൻ അപ്പൊ തെയ്യത്തിനു പോയില്ലേ?"
ഒരു ദയനീയമായ ഉത്തരം, "ഇല്ലടാ... കുപ്പി ഇല്ലാതെ ഞാൻ എങ്ങനെ മുത്തപ്പനെ കാണും?"
"ഓ അതിനെന്താ, ടൗണിൽ പോയി പുതിയൊരു കുപ്പി വാങ്ങിക്കൂടെ?"
"പുതിയൊരു കുപ്പിയോ? ഞാൻ മുത്തപ്പന് വേണ്ടി വാങ്ങിയ കുപ്പിയാ അവന്മാര് ഇന്നലെ കുടിച്ചു തീര്‍ത്തത്. അവന്മാര്‍ക്കു വേണ്ടത് ഞാൻ വേറെ കൊടുത്തതാ... ഇനി പേരിനൊരു കുപ്പി വാങ്ങി ഞാൻ എങ്ങനെ മുത്തപ്പന് കൊടുക്കും?", കുഞ്ഞിരാമേട്ടൻ കരയുന്ന ഭാവത്തിൽ ഇരുന്നു.
"അതിനു കുപ്പി വാങ്ങിയ കാര്യം മുത്തപ്പൻ അറിഞ്ഞില്ലല്ലോ. അപ്പൊ സുഖമായി പോയി തൊഴുതു വന്നുകൂടെ?"
"നീ പോടാ, തമാശ പറയാതെ!"
"ഇത്ര വിശ്വാസമേ ഉള്ളൂ? ഭക്തനെ മനസ്സിലാക്കാത്ത മുത്തപ്പൻ പിന്നെ എന്ത് മുത്തപ്പൻ!"
ചുമ്മാ പറഞ്ഞതായിരുന്നു. പക്ഷെ അദ്ദേഹം അതിശയത്തിൽ എന്നെ നോക്കി. പിന്നെ അകത്തു പോയി വേഗം ഡ്രസ്സ് മാറി വന്നു.
1 |
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ എഴുതാൻ ഈ ലോഗിൻ ബട്ടൺ അമർത്തി ലോഗിൻ ചെയ്യൂ