മൗനം

1

മൗനം - അതായിരുന്നു അവളുടെ ഭാഷ. അതായിരുന്നു അവള്‍‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതും. ഏറെ നാളായ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതല്ലേ. കളിക്കൂട്ടുകാരനായി അവളോടൊപ്പം കൂടിയ നാളു തൊട്ടേ ഞാന്‍‍ അറിഞ്ഞതാണ് ഈ മൗനം.

കുട്ടിക്കാലത്തൊരു നാള്‍ അവളുടെ കൂട്ടുകാരി അവള്‍ക്ക് നല്‍കിയ മയില്‍‌പീലിത്തുണ്ട് കണ്ണിമാങ്ങ നല്‍കി ഞാന്‍ കൈക്കലാക്കി. വീട്ടിലെത്തിയപ്പോഴാണ് ഞാന്‍‍ അവളെ പറ്റിച്ചതാണന്നു അവള്‍ക്ക് മനസ്സിലായത്‌. അന്ന് ഒരു പാട് നേരം അവള്‍ വീടിന്റെ വേലിക്കല്‍ എന്നെയും നോക്കി നിന്നിരുന്നു. ഞാന്‍‍ അങ്ങോട്ട്‌ നോക്കിയത് പോലുമില്ല . പിന്നീടെപ്പോഴോ അവള്‍‍ അവിടെ നിന്നും പോയപ്പോള്‍ ആണ് അവളുടെ മൗനത്തിനു ഒരു യാചനയുടെ അര്‍ഥം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്‌. ഞാന്‍‍ അവളുടെ വീട്ടില്‍ ചെന്ന് നാമം ജപിച്ചുകൊണ്ടിരുന്ന അവളുടെ മടിയില്‍ മയില്‍‌പീലി വച്ച് തിരിച്ചു പോന്നു.

* * *

കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു. ബാല്യത്തിലും കൗമാരത്തിലും അവളുടെ മൗനത്തിനു വാശിയുടെയും പിണക്കത്തിന്റെയും ഭാവങ്ങള്‍ ഉണ്ടായി. യൗവനത്തില്‍ അവളുടെ മൗനത്തിനു നാണത്തിന്റെ ഭാവമായിരുന്നു. എനിക്കത് അനുരാഗത്തിന്റെയും.

* * *

അന്നൊരു മഴക്കാലത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മഴ നനയാതിരിക്കാന്‍ കയറിനിന്നപ്പോഴാണ് എന്റെയുള്ളിലെ ഇഷ്ടം ആദ്യമായി അനുരാഗമായി മാറിയത്. അവളെ അറിയിച്ചപ്പോള്‍ അവള്‍ക്ക് മൗനം തന്നെയായിരുന്നു. ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ അതിപ്പോള്‍ പറയണം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞപ്പോള്‍, "ചെക്കന് വട്ടിളകിയ കാര്യം വീട്ടില്‍ പറയുന്നുണ്ട്!", എന്നായിരുന്നു അവളുടെ പ്രതികരണം. ദേഷ്യവും സങ്കടവും ഒരു പെരുമഴ പോലെ ഉള്ളില്‍ പെയ്തിറങ്ങിയപ്പോള്‍ ഞാന്‍ ആ മഴയില്‍ ഇറങ്ങി നടന്നു. പിന്നില്‍‍ നിന്നും അവള്‍ വിളിച്ചോ? അറിയില്ല. മഴ നനഞ്ഞു വീട്ടില്‍ വന്നു കയറിയപ്പോള്‍‍ മുത്തശ്ശിയും അമ്മയും ഒരുപാടു വഴക്ക് പറഞ്ഞു കാണും. ഒന്നും കേട്ടില്ല. ഉള്ളില്‍ അപ്പോഴും പെരുമഴയായിരുന്നു.

* * *

പിറ്റേന്ന് കോമത്ത് അച്യുതന്‍ നായരുടെ മകളുടെ കല്യാണമായിരുന്നു. കാലത്ത് അമ്മ വന്നു വിളിച്ചപ്പോഴാണ് പനിയാണെന്ന കാര്യം അറിയുന്നത്. മഴ നനഞ്ഞതല്ലേ, നല്ല ചുക്ക് കാപ്പി കൊടുത്താല്‍ പനി താനേ പൊയ്ക്കൊള്ളും എന്ന് മുത്തശ്ശി കോലായിലിരുന്നു പറയുന്നത് കേട്ടു.

കുറെ നേരം കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോള്‍ മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശിയാണ് അമ്മ ചുക്ക് മേടിക്കാന്‍ ‍അവളുടെ വീട്ടില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍‍ മനസ്സില്‍ ഒരു പ്രതികാരത്തിന്റെ സുഖം. അമ്മ പറഞ്ഞുകാണും എനിക്ക് പനിയാണെന്ന്. ഇനി അവള്‍ ‍കല്യാണത്തിന് പോയാലും മനസിനുള്ളില്‍ ഒരു വിഷമം കാണും.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.