മഞ്ഞുമേഘം

1

അയാൾ കാറിന്റെ ആക്സിലറേറ്ററിൽ കാൽ അമര്‍ത്തി. സാധാരണ ഇത്ര വേഗത്തിൽ കാറോടിക്കാറില്ല. ഇന്ന് മനസ്സിന് അല്പം ധൃതിയാണ്. കഴിഞ്ഞ തവണ അവിടെ പോയിട്ട് ഇപ്പോള്‍ ആഴ്ചകൾ പലതു പിന്നിട്ടു. വിവാഹവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ അവിടേക്ക് ഒരു തവണയെങ്കിലും പോവാൻ പറ്റാത്തതിൽ അയാൾക്ക്‌ സങ്കടമുണ്ട്.

നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും മാറി ഗ്രാമീണത തുടങ്ങുന്നിടത്താണ് ആ സ്ഥാപനം. കഴിഞ്ഞ പിറന്നാളിന്റെയന്നായിരുന്നു ആദ്യമായി അവിടം സന്ദര്‍ശിച്ചത്. ഒരു സുഹൃത്ത് മുഖേന വിലാസം സംഘടിപ്പിച്ചു വലിയ ഒരു കേക്ക് വാങ്ങി പുറപ്പെടുകയായിരുന്നു. നിലവില്‍ ഇരുപത്തിയഞ്ചോളം കുട്ടികൾ അന്തേവാസികളായിട്ടുണ്ട്‌. അവര്‍ക്ക് അച്ഛനും അമ്മയുമായി ഒരു ഫാദർ.

വിവിധ പ്രായത്തിലുള്ള കുട്ടികൾ അവിടെ സഹോദരങ്ങളായി വളരുന്നു. വിവിധ മാതാപിതാക്കളുടെ മക്കൾ. ഫാദർ ഓരോ കുട്ടിയേയും കുറിച്ച് വിശദമായി പറഞ്ഞു തന്നില്ല. എന്നാൽ കുട്ടികൾ അവിടുത്തെ അന്തേവാസികളായി വരുവാനുള്ള കാരണങ്ങളെക്കുറിച്ച് ഒരു ധാരണ പകര്‍ന്നു തന്നു.

നിഷ്കളങ്കരായ കുട്ടികൾ പിറന്നാൾ കേക്ക് വെച്ച മേശയ്ക്കു ചുറ്റും കൂടി നിന്ന് ചിരിക്കുന്ന രംഗം അയാൾക്ക്‌ മറക്കാൻ ആവുന്നതല്ല. പുഞ്ചിരിക്കാൻ മാത്രം അറിയുന്ന കുട്ടികൾ. അവർ അനാഥരാണെന്ന കാര്യം അവർ അറിയുന്നുണ്ടാവുമോ? ചിലരുടെ അച്ഛനമ്മമാര്‍ അപകടത്തിൽ മരിച്ചതാവാം. ചിലരുടേത് ആത്മഹത്യ ചെയ്തവർ. മറ്റു ചിലരുടേത് അസുഖങ്ങൾ വന്നു മരണപെട്ടവർ. മാതാപിതാക്കളെ വേര്‍പിരിഞ്ഞു ജീവിതത്തിന്റെ പടിവാതിലിൽ നിൽക്കുന്ന കുരുന്നുകൾ അന്നത്തെ ജന്മദിനത്തെ അവിസ്മരണീയമാക്കി.

അതിനു ശേഷം അയാൾ ഒന്നു രണ്ടാഴ്ചകൾ കൂടുമ്പോള്‍ അവിടം സന്ദര്‍ശിക്കുക പതിവായി. അയാളുടെ വരുമാനത്തിൽ നിന്നും ഒരു സംഖ്യ ഓരോ മാസവും അവര്‍ക്കു വേണ്ടി മാറ്റി വെച്ചു. ഒരു മഹത് വാചകം ഓര്‍മ വന്നു, 'പരസ്പരം സഹായിക്കാനും ഉദ്ധരിക്കാനുമല്ലെങ്കിൽ പിന്നെ എന്തിനാണ് നാം ജീവിക്കുന്നത്?'

അനാഥരായ എത്ര കുട്ടികൾ ലോകമെമ്പാടും ഉണ്ടാകും? എത്ര കുട്ടികൾ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടതകൾ അനുഭവിക്കുന്നുണ്ടാവും? തെരുവുകളിൽ വളരുന്ന കുട്ടികൾ ഓരോ ദിവസവും എത്രയെത്ര പീഡനങ്ങള്‍ക്ക് ഇരയാവുന്നു? മോശം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ പിന്നീട് സമൂഹത്തിന് അപകടകരമായ അക്രമകാരികളായി മാറുന്നു. ഒരു കാലഘട്ടത്തിലെ സമൂഹത്തിന്റെ സമാധാനത്തിന് അതിനു മുന്‍പത്തെ കാലത്തിലെ കുട്ടികളെ നന്നായി വളര്‍ത്തേണ്ടതുണ്ട്.

ആ ഫാദർ ചെയ്യുന്നത് കുട്ടികള്‍ക്കു വേണ്ടിയുള്ള ആതുരസേവനം മാത്രമല്ല. യഥാർത്ഥത്തിൽ അത് നല്ലൊരു സമൂഹത്തിനു വേണ്ടിയുള്ള പ്രയത്നം തന്നെയാണ്. സ്വന്തം സുഖവും സന്തോഷവും മാത്രം ആഗ്രഹിച്ചു ജീവിക്കുന്ന സ്വാര്‍ത്ഥമതികളായ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇതൊക്കെ എങ്ങനെ മനസ്സിലാവാൻ! സ്വന്തം ജീവനും സ്വത്തിനും ഭീഷണിയുണ്ടാവുമ്പോള്‍ മാത്രമേ മനുഷ്യര്‍ അക്രമത്തെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നുള്ളൂ.

അടുത്ത തവണ പോയപ്പോൾ പുതിയൊരു അതിഥി എത്തിയിട്ടുണ്ടായിരുന്നു. ഒരു മൂന്നു വയസ്സുകാരൻ. അവനും അവന്റെ അച്ഛനും അമ്മയും സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടു. സാഹചര്യവശാൽ കുട്ടിയെ ആശുപത്രിയില്‍ നിന്ന് നേരെ ആതുരാലയത്തിൽ കൊണ്ടു വന്നു ചേര്‍ത്തു.

അവനെ നോക്കി നിന്നപ്പോൾ അയാളുടെ മനസ്സു വല്ലാതെ വിഷമിച്ചു. നല്ല ഓമനത്തമുള്ള കുട്ടി. സമ്പന്ന കുടുംബത്തിൽ പിറന്ന അവൻ ഒറ്റ നിമിഷം കൊണ്ട് ആരോരുമില്ലാത്തവനായി. അവനെ മാത്രമായി വിളിച്ചു കുറച്ചധികനേരം സംസാരിച്ചു. അന്ന് കൊണ്ടുപോയ ബിസ്ക്കറ്റുകളിൽ ഒരു പാക്കറ്റ് അവനു അധികമായി സമ്മാനിച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഫാദർ അയാളെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഗൗരവമായ എന്തോ ഒരു കാര്യം പറയാനുള്ള ഭാവത്തിലായിരുന്നു ഫാദർ. മുഖവുരകൾ കൂടാതെ ഫാദർ പറഞ്ഞു, "ഇവിടുത്തെ ഒരു കുട്ടിയേയും അധികമായി ലാളിക്കരുത്. അതായത് മറ്റു കുട്ടികള്‍ക്ക് ആര്‍ക്കും വിഷമം ഉണ്ടാക്കുന്ന രീതിയിൽ ഒരു കുട്ടിക്ക് മാത്രമായി അധിക പരിഗണന നല്കരുത്. ഒരു കുട്ടിക്കും ഇവിടെ മറ്റൊരു കുട്ടിയോട് അസൂയയും വൈരാഗ്യവും ഉണ്ടാവരുത്."

തെറ്റ് മനസ്സിലായിരുന്നു, "സോറി ഫാദർ!"

ഫാദർ എത്ര മഹാനായ മനുഷ്യനാണ്! ആതുരാലയം നടത്തിക്കുന്നതിൽ ദീനാനുകമ്പയുള്ള ഒരു മനസ്സ് മാത്രം പോര. അതിസൂക്ഷ്മതയോടെയുള്ള നിരീക്ഷണവും സാങ്കേതികതയും കൂടി ഉള്ള മനസ്സിനുടമയാവണം എന്ന് അന്ന് മനസ്സിലായി.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.