കുന്നിക്കുരു

1

ഓഫീസിൽ നിന്നും വരുന്ന വഴി ബേക്കറിയിൽ കയറി ഒരു ക്രീം കേക്ക് വാങ്ങി. ആരുടേയും പിറന്നാൾ ആയിട്ടല്ല. മോന് വെളുത്ത ക്രീം കേക്ക് വളരെ ഇഷ്ടമാണ്. ഇന്ന് സ്കൂൾ തുറന്ന ദിവസമല്ലേ. അവധിക്കാലം കഴിഞ്ഞു കൂട്ടുകാരുമായി പുതിയ ക്ലാസ്സിൽ പഠനം തുടങ്ങുന്നു. സന്തോഷമാവട്ടെ.

അവൻ അവന്റെ അമ്മയെപ്പോലെ തന്നെയാണ്. ഇഷ്ടമുള്ളത് എന്താണെന്ന് പറയും. പക്ഷെ അത് വേണം എന്ന് വാശി പിടിക്കില്ല. നാലാം തരത്തിലായ അവൻ ഈ മഹാനഗരത്തിന്റെ സംസ്കാരത്തോടും ജീവിതശൈലികളോടും വളരെ മുമ്പ് തന്നെ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

വിജയകരമായ ഒരു പ്രണയബന്ധത്തിൽ വിരിഞ്ഞ തളിരാണവൻ. മനുഷ്യനിർമിതമായ മതിൽക്കെട്ടുകൾ തച്ചു തകർത്തപ്പോൾ ഒരു കുരുക്ഷേത്രയുദ്ധം ജയിച്ച ആഹ്ലാദം ഉണ്ടായി. അടുത്ത ബന്ധുകളിൽ പലരും ശത്രുപക്ഷത്തു പരാജിതരായി വീണു.

ഋതുഭേദങ്ങളിൽ പൂത്തുലയുകയും പുഞ്ചിരിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ഭൂമിയുടെ സംഗീതത്തിൽ അലിഞ്ഞ് നല്ലതും നല്ലതല്ലാത്തതും തിരിച്ചറിയുകയും പരസ്പരം വിമർശിച്ചും പിന്തുണച്ചും നുണഞ്ഞു കൊണ്ടുമിരുന്ന പ്രണയം. വർഷങ്ങൾ നീണ്ട വിശിഷ്ടമായ അനുരാഗത്തിന്റെ സാഫല്യനിമിഷത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി മനുഷ്യമനസ്സിൽ മാത്രം ലയിച്ചു ചേർന്ന ജാതിയുടെ വിഭാഗീയത ജീവിതത്തിനു കുറുകെ നിന്ന നിമിഷങ്ങളിൽ, മുന്നിൽ ഒരു ഒളിയുദ്ധം അനിവാര്യമായിരുന്നു.

ഒടുവിൽ ഈ നഗരത്തിൽ കൂട് കൂട്ടിയപ്പോൾ കിട്ടിയത് ഏറ്റവും വിലമതിക്കുന്ന സ്വാതന്ത്ര്യം. ആരും നിയന്ത്രിക്കാനോ ശാസിക്കാനോ ഇല്ല. ഞങ്ങളുടെ സമയം, ഞങ്ങളുടെ ജീവിതം. ആത്മാർത്ഥതയില്ലാത്ത ബന്ധങ്ങളുടെ കപടസ്നേഹങ്ങളിൽ നിന്നും മാറി താമസിക്കുമ്പോൾ എന്തൊരു ആശ്വാസം.

വീട്ടിലെത്തുമ്പോൾ ഹാളിൽ ഇരുന്ന് അമ്മയും മകനും പുതിയ പുസ്തകങ്ങളുടെ പുറംചട്ടയ്ക്ക് കടലാസുകൾ പൊതിയുകയായിരുന്നു. അവൾ എഴുന്നേറ്റു വന്ന് എന്റെ കൈയിലെ ലാപ്‌ ടോപ്‌ ബാഗും പ്ലാസ്റ്റിക്‌ സഞ്ചിയും വാങ്ങിക്കൊണ്ടു പറഞ്ഞു, "ഇന്ന് കുട്ടൂസന് ഒരു സമ്മാനവും ഉണ്ടല്ലോ..!"

അവൻ ഒന്നു നോക്കി, "പുസ്തകം ബൈൻഡ് ചെയ്ത് തീർത്തിട്ടു നോക്കാം അമ്മേ..."

ടീപ്പോയ്ക്ക് മുകളിലെ ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പകർന്നു കുടിച്ചു ഞാൻ അവന്റെ അരികിൽ ചെന്ന് ഇരുന്നു, "എന്റെ കുഞ്ഞൂനു സ്കൂളിൽ ആദ്യ ദിവസം എങ്ങനെ ഉണ്ടായിരുന്നൂ..? എന്തോ ഒരു മൂഡ്‌ ഓഫ്‌ ഉണ്ടോ എന്ന് ഒരു സംശയം ഉണ്ടല്ലോ..."

അവൻ എന്റെ മുഖത്ത് ഒന്ന് നോക്കി ഒരു പുഞ്ചിരിയോടെ പണി തുടർന്നു, "അച്ഛൻ ഇവിടെ ഇരുന്ന് രണ്ടു ബുക്കിനു ബൈൻഡ് ഇട്ടു തന്നേ... ഇന്ന് ഈ പണി നമുക്ക് തീർക്കണം."

ഞാൻ അവന്റെ കവിളത്ത് ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു, "ഞാൻ കുളിച്ചിട്ടു വരാമെടോ കുട്ടൂസാ..."

അപ്പോഴേക്കും സഹധർമ്മിണി ഒരു തോർത്ത് കൊണ്ടു വന്ന് എന്റെ തലയിൽ ചുറ്റിക്കഴിഞ്ഞു.

കുളി കഴിഞ്ഞു വരുമ്പോഴും മൂപ്പർ എഴുന്നേറ്റിട്ടില്ല, "അച്ഛാ.., നമ്മൾ ഇനി എന്നാ അമ്മമ്മേടെ വീട്ടിൽ പോവ്വാ..?"

"അതിനു നമ്മൾ ഇതുവരെ അവിടെ പോയില്ലല്ലോ."

"അതാ ചോദിച്ചേ, എന്നെങ്കിലും പോവ്വോ? അവധിക്കു നാട്ടിൽ പോയപ്പോ പോവായിരുന്നു."

"അന്നൊരു നാൾ ടൗണുന്ന് കണ്ടപ്പോ എന്താ പറഞ്ഞെ അമ്മമ്മ?"

"അമ്മമ്മ എന്താ പറഞ്ഞേന്ന് കേൾക്കാൻ പോലും അച്ഛനും അമ്മയും അടുത്ത് നിന്നില്ലല്ലോ, മാറി നിന്നതല്ലേ!"

"ങാ..! നിന്നോട് സംസാരിക്കുന്ന പോലെ ഞങ്ങളെ കൊഞ്ചിച്ച് അമ്മമ്മ സംസാരിക്കുവോ?"

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.