കിനാവിലെ മെഹർ

1

"ഷമിയുടെ ഉമ്മ എന്ത് പറഞ്ഞു?", ബാലുവാണ് നീണ്ട നേരത്തെ മൗനത്തിനു വിരാമമിട്ടത്.

"സത്യത്തില്‍ ഇന്ന് കാലത്ത് എന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷനായിരുന്നു ഇന്നലെ ഷമിയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍", അത് പറയുമ്പോള്‍ മനാഫിന്റെ ശബ്ദം ഇടറിയിരുന്നു.

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും ഖിസൈസിലേക്കുള്ള ഈ യാത്ര എന്നും ദുഃഖം മാത്രമാണ് തന്നിട്ടുള്ളത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ സ്വന്തം വീട്ടില്‍ നിന്നും എല്ലാവരെയും വിട്ട് ഒരു യാത്ര. ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ മനസ്സില്‍ പൊട്ടിക്കരയുമ്പോഴും കണ്ണ് നിറയാതെ നോക്കും. വീണ്ടും കാണാം എന്ന് പറഞ്ഞു പ്രിയതമയോട് യാത്ര ചോദിക്കുമ്പോള്‍ അവളുടെ കണ്ണിലെ തിളങ്ങുന്ന നീര്‍മുത്തുകളില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ പ്രതീക്ഷ കാണാം.

യാത്രയയക്കാന്‍ വന്ന സുഹൃത്തിനോട് അകത്തു നിന്നും കൈ വീശിക്കാണിക്കുമ്പോള്‍ എ സി യുടെ തണുപ്പിനും എയര്‍ ഫ്രഷ്‌നറിന്റെ സുഗന്ധത്തിനും കൂടി ഒരു മോര്‍ച്ചറിയുടെ പ്രതീതി. ചുറ്റും ശവങ്ങള്‍ ഇല്ലെങ്കിലും എല്ലാം ജീവച്ഛവങ്ങള്‍. ഇനി ഒരു നീണ്ട കാത്തിരിപ്പാണ്. മരുഭൂമിയിലെ നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനേക്കാള്‍ ദൈര്‍ഘ്യമുള്ള രണ്ടു മണിക്കൂറുകള്‍. മൊബൈല്‍ എടുത്ത് മെഹറുവിനെ ഒന്ന് വിളിച്ചാലോ എന്ന് തോന്നി. പിന്നെ മനസ്സ് തന്നെ വിലക്കി. കാരണം ഈ നിമിഷങ്ങളില്‍ വാക്കുകള്‍ കണ്ണുനീര്‍ ആയേ പുറത്തു വരൂ. മാത്രമല്ല ഇറങ്ങുമ്പോള്‍ തൊട്ടിലില്‍ സുഖമായി ഉറങ്ങുകയായിരുന്ന മോളും ഉണര്‍ന്നിട്ടുണ്ടാവും. അവളുടെ കിളിക്കൊഞ്ചല്‍ കേട്ടാല്‍... വയ്യ... ഇനി പിന്നോട്ടില്ല. മുന്‍പോട്ടു മാത്രം.

"ഇതെന്താടാ, നീ ആദ്യമായിട്ടൊന്നും അല്ലല്ലോ ഇങ്ങോട്ട്?", വീണ്ടും മനാഫിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്. കണ്ണ് നിറഞ്ഞിരുന്നു.

"ശെടാ ഇതെന്താ എല്ലാവരും ഇങ്ങനെ? രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ നാട്ടില്‍ നിന്നും വന്നത് ഓര്‍മയില്ലേ? കല്യാണം കഴിഞ്ഞു പതിനേഴാമത്തെ ദിവസം! എന്നിട്ടും ഞാന്‍ അന്നെന്തൊരു ഹാപ്പിയായിരുന്നു? നിങ്ങള്‍ എത്ര ഹാപ്പിയായിരുന്നു? എന്നെ കരയിക്കാന്‍ നിങ്ങള്‍ അടിച്ച ഡയലോഗ് കേട്ട് ഞാന്‍ അന്ന് ഒരുപാട് ചിരിച്ചു."

"അന്ന് പക്ഷെ ഷമി ഉണ്ടായിരുന്നു...", ബാലുവാണ് അത് പറഞ്ഞത്. പൊടുന്നനെ ഒരു മൗനം വീണ്ടും.

* * *

ഷമി - ഷമീര്‍ ഹസന്‍ എന്ന ഞങ്ങളുടെ ഷമി. മൂന്നു പേര്‍ ഉണ്ടായിരുന്ന ഞങ്ങളുടെ റൂമിലേക്ക്‌ നാലാമനായി വന്നവന്‍. മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഒരായിരം വര്‍ഷങ്ങളുടെ ഹൃദയബന്ധം തന്നു പിരിഞ്ഞു പോയവന്‍. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, സ്നേഹമാണ് തന്റെ വിജയമന്ത്രം എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ഷമി. ഓരോ നിമിഷവും നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഉമ്മാക്ക് വേണ്ടി ജീവിച്ചവന്‍. ഒരുപാട് കഷ്ടപ്പെട്ട് തന്നെ വളര്‍ത്തി വലുതാക്കിയ ഉമ്മയെക്കുറിച്ച് പറയാന്‍ ആയിരം നാവായിരുന്നു അവന്.

"എല്ലാവരും ഉണ്ടായിട്ടും അനാഥരേപ്പോലെ ജീവിച്ചവരാണ് ഞാനും ഉമ്മയും. എന്റെ പൊന്നുമ്മാക്ക് വേണ്ടിയാണ് ഈ ജീവിതം."

രാപ്പകല്‍ ഇല്ലാതെ അലച്ചിലായിരുന്നു അവന്. സെയില്‍സ് പേര്‍സണ്‍ എന്ന അവന്റെ ജോലി വളരെ ആത്മാര്‍ത്ഥമായി അവന്‍ ചെയ്തിരുന്നു. 'എന്തിനാടാ ഇത്രയും കഷ്ടപ്പെടുന്നത്?' എന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി മാത്രേ എന്നും അവനുണ്ടായിരുന്നുള്ളൂ.

"ഉമ്മയോടൊപ്പം നിന്ന് കൊതി തീര്‍ന്നിട്ടില്ല. ഒരുപാട് പ്രായമായി ഉമ്മാക്ക്. ഈ കാലമത്രയും സങ്കടങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്. ഏറിയാല്‍ മൂന്നു വര്‍ഷം. അത് കഴിഞ്ഞാല്‍ നാട്ടില്‍ ഉമ്മയോടൊപ്പം കൂടണം. പിന്നെ ഇങ്ങോട്ടൊരു തിരിച്ചു വരവില്ല. പിന്നെ ഞാന്‍ ഇനിയും കണ്ടിട്ടില്ലാത്ത, ഉമ്മ എനിക്കായി കണ്ടു വെച്ചിരിക്കുന്ന എന്റെ മെഹറു. ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ച്... അതിന് ഈ മൂന്നു വര്‍ഷം കുറച്ച് കഷ്ടപ്പെടുക തന്നെ വേണം."

പിന്നീട് എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയത്! എല്ലാവരും ഒന്നും രണ്ടും വട്ടം നാട്ടില്‍ പോയി വന്നു. ഷമി മാത്രം പോയില്ല.

അവസാനം അവനും കാത്തിരുന്ന ദിവസം എത്താറായി. പിന്നെ ആഘോഷം ആയിരുന്നു റൂമില്‍. കിച്ചെനില്‍ എന്നും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി. ഒരുപാട് കൂട്ടുകാര്‍ വന്നു പോയിക്കൊണ്ടിരുന്നു റൂമില്‍. എല്ലാം ഷമിയുടെ നിര്‍ബന്ധം ആയിരുന്നു.

"എല്ലാവരും എന്നും എന്നെ ഓര്‍ത്തിരിക്കണം. കുറഞ്ഞത്‌ നിങ്ങള്‍ എല്ലാവരും ഇവിടെ ഉള്ള കാലത്തോളമെങ്കിലും"

"നിന്‍റെ കൂട്ടുകാര്‍ ആരും നിന്നെ മറക്കില്ല. അതാണ്‌ നീ", ബാലു എപ്പഴും പറയുമായിരുന്നു. ആറു മണിയോടെ എല്ലാവരും റൂമില്‍ എത്തണം. പിന്നെ രാത്രി ഏറെ വൈകിയും ഷോപ്പിംഗ്‌. നാളത്തെ ഡ്യൂട്ടിയെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

"നിങ്ങളെല്ലാം ഇനിയും പോവും വരും. പക്ഷെ ഇതെന്റെ ആദ്യത്തേയും അവസാനത്തെയും യാത്രയാണ്. അതിത്തിരി കളര്‍ഫുള്‍ ആവട്ടെടാ", ഷമി.

"നിന്‍റെ ആദ്യത്തെയോ അവസാനത്തെയോ എന്നതല്ല. ലഗ്ഗേജിനൊക്കെ ഒരു വെയിറ്റ് ലിമിറ്റ് ഉണ്ട്.", എന്ന് ഞങ്ങള്‍.

"അതിനല്ലേ മക്കളേ കാര്‍ഗോ സര്‍വീസ്", ഷമി വിടാന്‍ ഭാവമില്ല. എല്ലാം ഉമ്മാക്കും മെഹര്‍ബാനും വേണ്ടിയുള്ള സാധനങ്ങളായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവള്‍ എന്ന് മാത്രം അവനറിയാം. ഉമ്മ കണ്ടു വെച്ച കുട്ടിയല്ലേ, സുന്ദരിയായിരിക്കും എന്ന് അവന്‍ എപ്പഴും പറയും.

ഒരിക്കല്‍ അവന്റെ ഉമ്മയുടെ മിസ്സ്‌ഡ് കോള്‍ കണ്ട് ഫോണ്‍ ചെയ്തത് ഞാനായിരുന്നു. ഇടക്കിടെ ഞാന്‍ ചെയ്യാറുള്ള കാര്യമാണ്. എന്‍റെ ശബ്ദം കേട്ടാല്‍ ഷമി യുടെ ശബ്ദം ആണെന്ന് തോന്നും എന്ന് ഉമ്മ പറയുമായിരുന്നു. അത് കൊണ്ട് ഞാന്‍ ഇടക്കൊക്കെ വിളിച്ചു പറ്റിക്കും. അന്ന് ഞാന്‍ വെറുതെ ചോദിച്ചു, "ഉമ്മ, ഞാന്‍ ഒരു വട്ടം പോലും കണ്ടിട്ടില്ല. ഉമ്മയാണെങ്കില്‍ അവള്‍ക്കു വാക്കും കൊടുത്തു. ഇനി ഞാന്‍ കണ്ടാല്‍ എനിക്ക് ഇഷ്ടപ്പെടാതെ വരോ?"

അപ്പോള്‍ ഉമ്മ പറഞ്ഞ മറുപടി, "നിന്‍റെ കുട്ടിക്കാലത്ത് നമ്മള്‍ രണ്ടു പേരും കിടക്കുമ്പോള്‍ നീ എന്നോട് പേടിയാവുന്നു എന്ന് പറയും. അത് പറയുമ്പോള്‍ നിന്‍റെ നെഞ്ചിന്റെ മിടിപ്പ് എനിക്ക് അറിയാമായിരുന്നു. അപ്പോള്‍ ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ? ജിന്ന് മോഹിച്ച നീലക്കണ്ണും ചുരുണ്ട മുടിയുമുള്ള ഒരു രാജകുമാരിയുടെ കഥ? ആ കഥ കേള്‍ക്കുമ്പോള്‍ നീ എന്നോട് കൊതിയോടെ ചോദിക്കാറുണ്ടായിരുന്നു. ആ രാജകുമാരിയെ എനിക്കൊന്നു കാണാന്‍ പറ്റോ എന്ന്. ആ രാജകുമാരിയെയാണ് ഞാന്‍ നിനക്കായി ഇവിടെ കാത്തു വെച്ചിരിക്കുന്നത്!"

"ഹോ എനിക്ക് സമാധാനമായി. ഇനി ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം", എന്ന് പറഞ്ഞു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഷമിയുടെ കുട്ടിക്കാലത്ത് ഉപ്പ മരിച്ചതും ഉപ്പയുടെ തറവാട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതും തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മാമന്മാര്‍ ബഹളം ഉണ്ടാക്കിയതും വെല്ലിമ്മയുടെ നിര്‍ബന്ധം കൊണ്ട് ദൂരെ ഒരു ചെറിയ വീടും സ്ഥലവും മാമന്മാര്‍ വാങ്ങിത്തന്നതും എല്ലാം ഷമി പറഞ്ഞിട്ടുണ്ട്. അവരുടെ ജീവിതത്തിലെ കയ്പ്പേറിയ ഒരു കാലഘട്ടം എത്ര ലളിതമായാണ് അവന്‍റെ ഉമ്മ ഇപ്പോള്‍ പറഞ്ഞത്. ആരാരും തുണയില്ലാത്ത രാത്രിയുടെ പേടിപ്പിക്കുന്ന നിമിഷങ്ങളില്‍ പേടിച്ചരണ്ട ഒരു പൈതലും ഉള്ളിലെ ഭയം മറച്ചു പിടിച്ചു അവനെ സമാധാനിപ്പിക്കാന്‍ പതിഞ്ഞ ശബ്ദത്തില്‍ അവനു കഥകള്‍ പറഞ്ഞു കൊടുക്കുന്ന ഉമ്മയും.

ഷമി കിച്ചെനില്‍ ആയിരുന്നു. ഞാന്‍ ചെന്ന് അവനെ പിന്നില്‍ നിന്നും വട്ടം പിടിച്ച് അവനോടു പറഞ്ഞു, "ഡാ നിന്റെ പെണ്ണില്ലേ മെഹറു, അവളെ പണ്ടൊരു ജിന്ന് മോഹിച്ചിട്ടുണ്ട്!"

"എന്‍റെ ഉമ്മാടെ ഒരു കാര്യം! ഇനി നിങ്ങള്‍ മാത്രേ അറിയാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ ചെറുപ്പത്തിലെ എന്റെ പേടിയുടെ കാര്യം. എടാ അതെനിക്ക് മൂന്ന് വയസുള്ളപ്പോള്‍ ഉള്ള സംഭവം ആണ്."

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.