കാലചക്രം
1
ഭ്രാന്താലയത്തിന്റെ നാല് ചുവരുകള്‍ക്കിടയില്‍ ഇരുന്നപ്പോഴാണ് യുവത്വത്തിന്റെ തിളപ്പില്‍ സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി താന്‍ പോയ വഴിയൊക്കെ മനു അറിഞ്ഞത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ചറിഞ്ഞത്! ഇന്നിവിടെ തന്നെ കാണാന്‍ പോലും ആരും വരുന്നില്ല. വരുന്നവരുടെയൊക്കെ മുഖത്ത് മുഖപടം മാത്രമാണെന്ന് മനുവിനറിയാം. ഉളളില്‍ നിറയെ സന്തോഷമായിരിക്കും. അവര്‍ പുറത്ത് കാണിക്കുന്നില്ലന്നേയുളളൂ. ചോരത്തിളപ്പില്‍ താന്‍ ചെയ്ത് കൂട്ടിയ വിഡ്ഢിത്തരങ്ങളുടെയൊക്കെ ഇരകളാണ് അവര്‍! ഭ്രാന്തനായി മുദ്രകുത്തി തന്നെ തളയ്ക്കാന്‍ മുന്‍കൈയ്യെടുത്ത തന്റെ ബന്ധുക്കള്‍ എന്ന് പറയുന്ന കുറച്ചു പേര്.. ചെയ്തു പോയ മഹാപാപത്തിന്റെ ഓര്‍മ്മകള്‍... അത് കുറ്റബോധമായി രൂപപ്പെടുവാന്‍ തുടങ്ങി മനുവിന്റെ മനസ്സില്‍.
നാട്ടിലെ സമ്പന്നന്റെ മകനാണ് മനു. സമ്പന്നതയുടെ ഉന്മാദത്തില് ജീവിച്ചു തുടങ്ങിയ നാളുകള്‍ മദ്യവും മയക്കുമരുന്നും കൂട്ടായ് വന്ന നാളുകള്‍. നിറയെ കൂട്ടുകാര്‍. ഇന്ന് ഇപ്പോള്‍ താന്‍ മാത്രമായി! അമ്മയെന്ന സാഗരത്തെ തിരിച്ചറിഞ്ഞ സമയവുമായിരുന്നു. സ്വന്തം മകനെ കണ്ട് ഇറ്റ് വീഴുന്ന ഓരോ കണ്ണീര് തുളളിയിലും അമ്മയുടെ മനസ്സുണ്ടന്നവനറിഞ്ഞു. മദ്യവും മയക്കുമരുന്നും കൂടെയുണ്ടായിരുന്നപ്പോള്‍ വീട്ടിലേക്ക് കയറി വരുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല ആ സാഗരത്തെ! ഇന്ന് ആ അമ്മയുടെ തേങ്ങലുകള്‍ മാത്രമായി അവന്റെ കൂട്ട്.
ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കണമെന്ന് തോന്നി. കഴിഞ്ഞുപോയ ഭ്രാന്താലയത്തിന്റെ കണക്കുകള്‍ അവന് മനസ്സില്‍ നിന്ന് മായ്ച്ച് കളയുകയായിരുന്നു.
പെട്ടെന്ന് എവിടെ നിന്നോ ഒരു കാലടി ശബ്ദം തന്നിലേക്ക് അടുക്കുന്നതായി തോന്നി. അരണ്ട വെളിച്ചത്തില്‍ അവന് നോക്കി - പാറാവുകാരനാണ്. മനു ചോദിച്ചു: ആരാണ്? മറുപടിയില്ല! മനു എഴുന്നേറ്റു. പൊടുന്നനെ തന്റെ കഴുത്തില്‍ പിടി വീണ് കഴിഞ്ഞിരുന്നു. ഒന്ന് കുതറാന്‍ പോലും കഴിഞ്ഞില്ല മനുവിന്!
"നിന്റെ ജീവിതം ഭ്രാന്താലയത്തില്‍ തീരുമെന്ന് വിചാരിച്ച് കാത്തിരിക്കുകയായിരുന്നു ഞാന്‍! എന്നെ അറിയ്വോ നീ? മുരളിയുടെ അച്ഛനാണ്.", പാറാവുകാരന്റെ സ്വരം നേര്‍ത്തതാണ്, അതിനേക്കാള്‍ തീക്ഷ്ണവും.
മനു ഓര്‍ത്തു - യുവത്വത്തിന്റെ പക്വതയില്ലായ്മയില്‍ മയക്കുമരുന്നിന്റെ ഉന്മാദത്തിലേക്ക് ഉന്തിയിട്ട അവനെ. പാറാവുകാരന് ചോദിച്ചു, "ഇന്നവന് എവിടേണെന്ന് അറിയ്വോ? ഈ ഭ്രാന്താലയത്തില്‍ തന്നെ! എന്റെ കണ്മുന്നില് കിടന്ന് അവന് പോയി! എന്നന്നേക്കുമായി. നിന്നേം ഞാന്‍ അവന്റെടുത്തേക്ക് അയക്കാന്‍ പോവ്വാ..! നീയ്യൊന്നും ഒരിക്കലും തിരിച്ചുവരരുത്..."
കഠാരയുടെ തിളക്കം മനുവിന്റെ കഴുത്തിലേക്ക് ആര്ന്നിറങ്ങി...
1 |
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ എഴുതാൻ ഈ ലോഗിൻ ബട്ടൺ അമർത്തി ലോഗിൻ ചെയ്യൂ