ചിത്രഗുപ്തം
1
ഗോപാലേട്ടന്റെ ശവദാഹം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോഴാണ് ഇടവഴിയിൽവെച്ച് ആ പട്ടിക്കുട്ടിയെ കണ്ടത്. വഴിയുടെ ഇരുപുറവും അരയോളം ഉയരത്തിൽ മഞ്ഞയും ചെമപ്പും നിറത്തിലുള്ള മല്ലികപ്പൂക്കൾ നിറഞ്ഞ ചെടികൾ തിങ്ങി വളർന്നിട്ടുണ്ട്. വഴി നീണ്ടു കിടക്കുന്നിടത്തോളം അരികിൽ പച്ചപ്പുല്ലുകൾ പടർന്നു കിടന്ന് ഇടവഴിക്കു പ്രത്യേക ഭംഗി നൽകുന്നു. മഴ ഇപ്പോൾ തോർന്നിട്ടുണ്ട്. മല്ലികച്ചെടികൾക്കിടയിൽ നിന്നു പുറത്തേക്കു വന്നു തന്റെ കുഞ്ഞുശരീരം ഒന്നു കുടഞ്ഞു പട്ടിക്കുട്ടി എന്നെ നോക്കിനിന്നു.
ഞാൻ കുനിഞ്ഞ് അതിനെ രണ്ടു കൈകളും കൊണ്ട് എടുത്തു. അതിന്റെ ദേഹം മുഴുവൻ നനഞ്ഞൊലിച്ചിട്ടുണ്ട്. ശവസംസ്കാരത്തിനു ശേഷം തോട്ടിലെ കുളിയും കഴിഞ്ഞതിനാൽ എന്റെ അരയിൽ കെട്ടിയ തോർത്ത് നനഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ തോർത്ത് അഴിച്ചെടുത്ത് നന്നായി പിഴിഞ്ഞ് ആ നായക്കുഞ്ഞിന്റെ ദേഹം തോർത്തിക്കൊടുത്തു. അത് നന്ദിയോടെ വാലാട്ടിക്കൊണ്ട് എന്റെ കൈകൾക്കുള്ളിൽ ദേഹത്തോടു പറ്റിക്കിടന്നു.
ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ഇന്ന് രാവിലെയും തകർത്തു പെയ്യുകയായിരുന്നു. അയൽപ്പക്കത്തെ കണ്ണേട്ടനാണു വന്നു പറഞ്ഞത്, ഗോപാലേട്ടൻ 'പോയിപ്പോയി' എന്ന്. ഞാൻ പ്രാതൽ കഴിച്ച് എഴുന്നേറ്റതായിരുന്നു. കണ്ണേട്ടനും ഞാനും നേരെ മരണവീട്ടിലേക്കു ചെന്നു. കുറേ ആളുകൾ ഇതിനോടകം തന്നെ എത്തിച്ചേർന്നിട്ടുണ്ട്. തകർത്തുപെയ്യുന്ന മഴ എല്ലാവരെയും ബുദ്ധിമുട്ടിച്ചു.
ഗോപാലേട്ടൻ കഴിഞ്ഞ കുറേ മാസങ്ങളായി കിടപ്പിലായിരുന്നു. പണ്ടൊരു രാത്രിയിൽ കവലയിൽ നിന്നു വീട്ടിലേക്കു വരുന്ന വഴി ഒരു കല്ലിൽ തട്ടി കാലുതെറ്റി അന്ന് വെള്ളമില്ലാതിരുന്ന തോട്ടിലേക്ക് അയാൾ മറിഞ്ഞു വീണു. നട്ടെല്ല് പാറയിൽ ചെന്നിടിച്ചു ബോധം പോയിരുന്നു.
പിറ്റേന്ന് പുലർച്ചെ വരെ അയാൾക്ക് തോട്ടിൽ കിടക്കേണ്ടി വന്നു. ഹോസ്പിറ്റലിൽ അധിക കാലം കിടക്കേണ്ടി വന്നില്ല. നട്ടെല്ല് തകർന്നിരുന്നതിനാൽ ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർന്നു പോയിരുന്നു. പിന്നീട് നേരെ വീട്ടിൽ കൊണ്ടുവരാൻ ഡോക്ടർമാർ അനുവദിച്ചു.
അതിനു ശേഷം കുറേ മാസങ്ങൾ അയാൾ കിടക്കപ്പായയിൽ തന്നെ ആയിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് അയാൾ വെറുമൊരു തടിയായി കട്ടിലിൽ വിരിച്ച പായയിൽ കിടന്നു.
ജീവിതം എന്ന അനിർവ്വചനീയത അതിന്റെ എല്ലാ നാടകീയതയോടെയും അയാളിൽ ആഞ്ഞു പതിക്കുകയായിരുന്നു. ആയ കാലത്ത് കുടിച്ചു കൂത്താടി നാട്ടുകാരെ ഉപദേശിക്കുകയും വീട്ടുകാരെ വെറുപ്പിക്കുകയും ചെയ്തിരുന്ന അയാൾക്ക് അന്നുമുതൽ വീട്ടുകാർ അയാളുടെ ജീവിതത്തിനു വേണ്ടിയുള്ള അടിസ്ഥാന ആവശ്യമായി മാറി. പക്ഷെ കിടക്കപ്പായയിൽ തന്നെ പ്രാഥമിക ശാരീരിക പ്രവർത്തനങ്ങൾ നടത്തി വന്ന അയാൾ അയാളുടെ മരുമകൾക്ക് മാത്രമല്ല മകനു പോലും ഒരു പാഴ്വസ്തുവായി മാറി. അയാളുടെ മകളും അയാളെ വെറുക്കാതിരിക്കാൻ അയാൾ ആത്മാർഥമായി പ്രാർത്ഥിച്ചു.
ജീവിതം അങ്ങനെയാണ്. ദുരിതം അനുഭവിക്കുന്നവർ എന്നും ദുരിതക്കയത്തിലേക്ക് വീണുകൊണ്ടിരിക്കും. ദരിദ്രർ എന്നും ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ചു കൊണ്ടിരിക്കും. ജീവിതം എന്ന മഹാപ്രഹേളികയെ നിർവ്വചിക്കാൻ ആവാത്തിടത്തോളംകാലം രോഗവും സങ്കടങ്ങളും ദുരിതങ്ങളും തിന്നുകൊണ്ടു ജീവിക്കുക തന്നെ, മരണം വരെ.
ദിവസങ്ങളോളമുള്ള ചലനമറ്റ കിടപ്പ് അയാൾക്ക് പുതിയൊരു ദുരിതം സമ്മാനിച്ചു. കിടക്കപ്പായയിൽ സ്പർശിക്കുന്ന ശരീരഭാഗങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു മരുന്നിനോടും പ്രതികരിക്കാത്ത അയാളുടെ പുതിയ ശത്രുക്കൾ സ്വയം വളർന്നു പുഴുത്തു ചീഞ്ഞു നാറിത്തുടങ്ങി. ഓരോ നിമിഷവും കഠിനവേദന തിന്നുന്ന അയാളുടെ സംസാരം പോലും അവ്യക്തമായി. പിതാവിനോട് പറയത്തക്ക കടമകൾ ഇല്ലാതിരുന്നതു കൊണ്ടോ സ്വന്തം ഭാര്യയെ ഒരു ദേവതയായി കരുതുന്നതു കൊണ്ടോ ഗോപാലേട്ടന്റെ മകൻ അയാളുടെ ഭാര്യാപുത്രസമേതം താമസം മാറിപ്പോയി.
ഗോപാലേട്ടൻ കിടന്നിരുന്ന മുറിയിൽ നിന്നും ദുർഗന്ധം പുറത്ത് കോലായ വരെയും വ്യാപിച്ചിരിക്കുന്നതിനാൽ നാട്ടുകാരുടെ സന്ദർശനവും ആ വീട്ടിൽ നിലച്ചു. അയാളുടെ ദുരിതം നിയന്ത്രിക്കുന്ന ഈശ്വരന്റെയോ ചെകുത്താന്റെയോ ഒരു കൈയ്യബദ്ധം പോലെ അയാളുടെ മകൾ മാത്രം അയാളുടെ പുഴുവരിക്കുന്ന ജീവിതത്തിൽ കൂടെയുണ്ടായി.
കുറെയേറെ മാസക്കാലത്തെ നരകജീവിതത്തിനൊടുവിൽ ഇന്നലെ കർക്കിടകമഴ തിമിർത്തുപെയ്ത കറുത്ത രാത്രിയുടെ അന്ത്യയാമങ്ങളിലെങ്ങോ ഗോപാലേട്ടനെ മരണം അനുഗ്രഹിച്ചു വേദനയുടെ ശരശയ്യയിൽ നിന്നും മോക്ഷപ്രാപ്തനാക്കി.
അയൽക്കാരും ബന്ധുക്കളുമായ യുവാക്കൾ തകർത്തു പെയ്യുന്ന മഴയെ അവഗണിച്ചു കൊണ്ട് ഒരു മൂവാണ്ടൻ മാവിനെ വെട്ടിവീഴ്ത്തി പറമ്പിന്റെ തെക്കുഭാഗത്ത് പട്ടടയൊരുക്കി. ശരമാരിയിൽ ആ ചിത കുതിർന്നു കൊണ്ടിരുന്നു. പ്ലാസ്റ്റിക് ചാക്കുകളും പച്ചോലയും ഉപയോഗിച്ച് പരമാവധി മൂടാൻ ശ്രമിച്ചു. എല്ലാം വിഫലമായി.
പരേതന്റെ ദേഹം വീട്ടിനുള്ളിൽനിന്നും പുറത്തെടുക്കാൻനേരം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായി. ഒട്ടുമിക്ക ഭാഗവും പുഴുത്തു നാറിയ മൃതദേഹം എടുക്കാൻ യുവാക്കളാരും മുന്നോട്ടു വന്നില്ല. ആരെയും നിർബന്ധിക്കാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു. മാത്രമല്ല ഇക്കാര്യത്തിൽ നേതൃത്വം നൽകാൻ ഒരാൾപോലും ഇല്ലതാനും.
ഒടുവിൽ നാട്ടിലെ കില്ലാഡിയായ സുരേഷേട്ടൻ ഒരു ഉപാധിയുമായി കാര്യം പരിഹരിച്ചു. അദ്ദേഹം മറ്റു മൂന്നു പേരുമായി വീടിന്റെ പിന്നാമ്പുറത്ത് പോയി എന്തോ ചർച്ച ചെയ്തു. ചർച്ചയ്ക്കിടയിൽ അദ്ദേഹം അരയ്ക്കു തിരുകിയ ഒരു കുപ്പിയെടുത്തു. അതിനുള്ളിലെ ദ്രാവകം നാലുപേരുമായി പങ്കിട്ടെടുത്ത് അകത്താക്കി. അവിടുത്തെ ഒരു ബക്കറ്റിൽ നിറഞ്ഞ മഴവെള്ളത്തിൽ നിന്നും കുറച്ചു മഗ്ഗിലെടുത്ത് അതും നാലുപേരും കുടിച്ച്, അകത്താക്കിയ ദ്രാവകത്തിന്റെ തീവ്രത അല്പം കുറച്ചുവെച്ചു. രണ്ടു മൂന്നു നിമിഷം നിശ്ശബ്ദരായി നിന്നു. പിന്നെ ഒരു ഗ്രൂപ്പ് ഡാൻസിലെ മത്സരാർത്ഥികളെ പോലെ അവർ ഒരുമിച്ചു തലയിൽ കെട്ടിയ തോർത്തുമുണ്ട് അഴിച്ച് ഒന്നു കൂടി മുറുക്കിക്കെട്ടി വരി വരിയായി അകത്തു കടന്നു ജഡം എടുത്തു ചിതയിൽ എത്തിച്ചു.
കഴുത പോലും രുചിച്ചു നോക്കാത്ത ഒരു പാനീയത്തിനോട് എനിക്ക് അന്ന് ആദ്യമായി ഒരൽപം ബഹുമാനം തോന്നി. ആ ബഹുമാനത്തോടെ തന്നെ നിയമപ്രകാരം പറഞ്ഞു കൊള്ളട്ടെ, 'മദ്യപാനം ആരോഗ്യത്തിനു വളരെ വളരെ ഹാനികരം'.
പട്ടടയ്ക്കു മുകളിലായി ഉയരത്തിൽ താർപ്പായ വിതാനിക്കപ്പെട്ടു. ഗോപാലേട്ടനെ ചിതയിലേക്ക് എടുത്തു. ആ നിമിഷം മഴയുടെ ശക്തി ഒന്നു കൂടി കനത്തുവെന്നു തോന്നി. ഉണക്കുചകിരിയും ചിരട്ടയും കൊണ്ടു ചിതയുടെ വിടവുകളെല്ലാം നന്നായി മൂടി. അകന്ന ബന്ധത്തിലെ ഒരാൾ ചിതയ്ക്ക് തീ കൊളുത്തി. ഒരൽപം കത്തിത്തുടങ്ങിയതായിരുന്നു, പൊടുന്നനെ കാറ്റ് വീശാൻ തുടങ്ങി. പേമാരിയും കൊടുങ്കാറ്റും എല്ലാം തകിടം മറിച്ചു. താർപ്പായ പറന്നു പോയി. തീനാളങ്ങൾ കത്തിപ്പടരാനാവാതെ പിടഞ്ഞമരാൻ തുടങ്ങി.
1 |
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ എഴുതാൻ ഈ ലോഗിൻ ബട്ടൺ അമർത്തി ലോഗിൻ ചെയ്യൂ