ചെരുപ്പുമാറ്റം

1

ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞങ്ങളുടെ ഒരു പ്രധാന ഗ്യാങ്ങിലെ പ്രഗത്ഭവ്യക്തികളിൽ ഭൂരിപക്ഷം പേരുടെയും പൊതുവായ പ്രത്യേകത എന്തെന്നാൽ അവരിൽ എല്ലാവരും ചെറുപ്പകാലത്ത് സാമ്പത്തികമായി വളരെയധികം ദാരിദ്ര്യം അനുഭവിച്ചിരുന്നു എന്നതാണ്. ബാംഗ്ലൂരിൽ വന്നകാലത്ത് ചെറിയ കമ്പനികളിൽ ആദ്യം കിട്ടിയ ജോലിക്ക് കയറി എന്നതും ക്രമേണ മികച്ച ശമ്പളം ലഭിക്കുന്ന വളരെ ഉന്നതമായ സ്ഥാനത്തേക്ക് പടിപടിയായി കയറി എന്നതും അവരുടെ പ്രത്യേകതയായിരുന്നു. സാമ്പത്തികമായ ശക്തി ലഭിച്ചപ്പോൾ അവരിൽ ഉണ്ടായ മാറ്റങ്ങൾ പക്ഷെ തമ്മിൽ വളരെ വ്യത്യാസം ഉള്ളതുമായിരുന്നു.

ആ പ്രമുഖവ്യക്തികളിൽ രണ്ടു പേരെ കുറിച്ചുള്ളതാണ് ഈ കഥ. ഒരാൾ എല്ലാവർക്കും ബഹുമാന്യനായ ബിജേഷ്. അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലെ സാധാരണക്കാർ പട്ടി ബിജേഷ് എന്നാണ് അദ്ദേഹം കേൾക്കാതെ അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കേണ്ടി വരുമ്പോൾ പറയാറ്. അതിന്റെ കാരണം അദ്ദേഹത്തിന്റെ വീട്ടിൽ പല ബ്രീഡുകളിൽ പെട്ട വിദേശയിനം പട്ടികൾ യഥേഷ്ടം ഉണ്ട് എന്നതാണ്. അവരെയൊക്കെയും ബിജേഷ് സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയ കാലത്ത് ഘട്ടം ഘട്ടമായി വാങ്ങിയതായിരുന്നു. ബാംഗ്ലൂരിൽ അദ്ദേഹം പട്ടി ബിജേഷ് എന്ന് അറിയപ്പെടാതിരുന്നതിന്റെ കാരണമായി എനിക്ക് തോന്നിയത് അന്നാട്ടിൽ വളരെയധികം ആളുകൾക്കും ഈ വക ടൈം പാസ് ഉണ്ട് എന്നതാണ്.

പട്ടികളുടെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു. പട്ടികളുടെ കളങ്കമില്ലാത്ത സ്നേഹത്തിന്റെയും അവർ കാത്തുസൂക്ഷിക്കുന്ന ഉന്നതമായ നന്ദിയുടെയും ഉദാഹരണങ്ങൾ ആ പ്രഭാഷണങ്ങളിൽ ഹൈലൈറ്റ് ചെയ്തിരുന്നു. നായിന്റെമോനെ എന്നാരെങ്കിലും വിളിച്ചാൽ എന്തിനാണ് ആളുകൾക്ക് ദേഷ്യം വരുന്നത്? അതിന്റെ ആവശ്യം ഇല്ല. പകരം സന്തോഷിക്കുകയല്ലേ വേണ്ടത്? കാരണം ലോകത്തിലെ ഏറ്റവും സ്നേഹവും നന്ദിയും ഉള്ള ജീവിവർഗ്ഗത്തിന്റെ പേരിൽ അല്ലെ അഭിസംബോധന ലഭിച്ചത്? എന്നൊക്കെയുള്ള നിഷ്കളങ്കമായ ന്യായീകരണങ്ങൾ അദ്ദേഹം നിരത്തിക്കളയും. മനുഷ്യരെ ആരെയും വിശ്വസിക്കാൻ പറ്റില്ല, പ്രത്യേകിച്ച് സ്ത്രീകളെ. പക്ഷെ പട്ടികൾ അങ്ങനെയല്ല. ഇതൊക്കെ അദ്ദേഹത്തിന്റെ സ്ഥിരം ഓർമ്മപ്പെടുത്തൽ ആയിരുന്നു.

പട്ടികളെ വാങ്ങുന്ന കാര്യത്തിൽ ഇന്റർനാഷണൽ ആർഭാടം കാണിക്കുമെങ്കിലും വ്യക്തിജീവിതത്തിൽ അദ്ദേഹം വളരെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന ആളായിരുന്നു. ചെറുപ്പകാലത്ത് ദാരിദ്ര്യം കാരണം നിർബന്ധപൂർവ്വം ലളിതജീവിതം നയിക്കേണ്ടി വന്നതാണെങ്കിൽ, സാമ്പത്തികശക്തി നേടിയപ്പോൾ മനപ്പൂർവം ലാളിത്യം കൊണ്ടുനടക്കുന്നത് അദ്ദേഹം ആസ്വദിക്കുന്നതായി തോന്നി.

വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി പല പെൺകുട്ടികളുടെ ആലോചനകൾ വന്നെങ്കിലും പട്ടിവിഷയം കാരണം ഒന്നും അങ്ങോട്ട് ഉറച്ചു വന്നില്ല. ഒരിക്കൽ ഒരു പെൺകുട്ടിയുടെ ആലോചന വന്നപ്പോൾ അവൾ ബാംഗ്ലൂരിൽ തന്നെ ആയിരുന്നതിനാൽ നേരിൽ കണ്ടിട്ടാണ് തീരുമാനമാക്കിയത്. വെറും ഒരു മിനുട്ടിൽ താഴെയുള്ള സംഭാഷണം മാത്രമേ വേണ്ടി വന്നുള്ളൂ ആ പെൺകുട്ടിക്ക് അദ്ദേഹത്തിന്റെ സഹധർമ്മിണി ആയി മാറാൻ ഒരു യോഗ്യതയും ഇല്ല എന്ന് തെളിയിക്കപ്പെടാൻ.

അദ്ദേഹം പെൺകുട്ടിയെ കണ്ടുമുട്ടിയപ്പോൾ അവളോട് ചോദിച്ച ആദ്യത്തെ ചോദ്യം ഇതായിരുന്നു, "പട്ടികൾ വീട്ടിൽ ഉണ്ടാവുന്നത് ഇഷ്ടം ആണോ?"

അവളുടെ മറുപടി, "പട്ടികൾ വീട്ടിൽ ഉണ്ടാവുന്നതിൽ എന്താണ് പ്രത്യേകിച്ച് ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ! ഇറ്റ് ഈസ് ഓക്കേ ഫോർ മി."

ആ പ്രൊപ്പോസൽ അപ്പോൾ തന്നെ ഒഴിവാക്കി വന്നതിന്റെ കാരണമായി അദ്ദേഹം പിന്നീട് പറഞ്ഞത്, മുൻപ് ഒരു പെൺകുട്ടിയും പട്ടികളെക്കുറിച്ച് അത്രയ്ക്ക് പുച്ഛത്തിൽ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല എന്നതാണ്. ഒന്നുകിൽ ഇഷ്ടം എന്ന് പറയണം, ഇല്ലെങ്കിൽ ഇഷ്ടം അല്ല എന്ന് പറയണമായിരുന്നു പോലും. പട്ടികളെ സംബന്ധിച്ച് എന്താണ് ഇഷ്ടവും ഇഷ്ടക്കേടും എന്ന് പറഞ്ഞത് പട്ടികൾക്ക് യാതൊരു വിലയും കൊടുക്കാത്തത് പോലെ അല്ലെ എന്ന്.

ഇനി ഇന്നത്തെ കഥയിൽ പരാമർശിക്കാൻ പോകുന്ന രണ്ടാമത്തെ വ്യക്തിയെക്കുറിച്ച് ചിലത് പറയാം.

അദ്ദേഹമായിരുന്നു ഹരി എന്നറിയപ്പെട്ടിരുന്ന ഹരിഹരസുതൻ. അദ്ദേഹം സുഹൃത്തുക്കളുടെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ ഔദാര്യം കാണിക്കുന്ന ഒരു വ്യക്തിയായിരുന്നു. അതുപോലെ സുഹൃത്തുക്കൾ പൊതുവെ ചില മണ്ടത്തരങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സാമാന്യ ജനങ്ങൾക്കിടയിൽ മര്യാദയും അന്തസ്സും നേടിയെടുക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും സംഭാഷണരീതിയും ടിപ്സ് ആൻഡ് ട്രിക്ക്‌സ് ആയി പറഞ്ഞുതരാനും ബഹുമിടുക്കൻ ആയിരുന്നു അദ്ദേഹം.

നേരത്തെ പറഞ്ഞ ബിജേഷിന്റെ അടുത്ത വിവാഹാലോചനയുമായി ബന്ധപ്പെട്ട പെണ്ണുകാണൽ ചടങ്ങ് അദ്ദേഹത്തിന്റെ നാട്ടിലെ അയൽഗ്രാമത്തിൽ ആയിരുന്നു. ആ സമയത്ത് മറ്റൊരു ആവശ്യത്തിന് നാട്ടിൽ പോയിരുന്ന ഹരി ബിജേഷിന്റെ പെണ്ണുകാണൽ ചടങ്ങുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണയോടെ അന്നേ ദിവസം അദ്ദേഹത്തിന്റെ കൂടെ ചേർന്നു.

പ്രധാനറോഡിൽ നിന്ന് മാറി കുറച്ച് ദൂരം മൺപാതയിൽ കൂടി നടന്നിട്ടാണ് പെണ്ണിന്റെ വീട്ടിൽ എത്തേണ്ടത്. ഓരോ സൊറ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിലാണ് ഹരി ഒരു കാര്യം ശ്രദ്ധിച്ചത്. ബിജേഷിന്റെ കാലിലെ ചെരുപ്പുകൾ. ഹരി സത്യത്തിൽ ഞെട്ടി. കാര്യം ബിജേഷ് എന്ന വ്യക്തി ലാളിത്യത്തിന്റെ ആശാൻ ഒക്കെ ആണെങ്കിൽക്കൂടി പെണ്ണുകാണൽ പോലുള്ള ചടങ്ങിന് പോകുമ്പോഴെങ്കിലും പഴകി മുഷിഞ്ഞു പൊട്ടാറായ ചെരുപ്പുകൾ മാറ്റി അല്പസ്വല്പം വൃത്തിയുള്ള ചെരുപ്പുകൾ ഇടാമായിരുന്നു എന്ന് ഹരി സൂചിപ്പിച്ചു.

അതിനുള്ള ബിജേഷിന്റെ മറുപടി, "ഹരീ, ഇതാണ് എന്റെ സാധാരണ വേഷം. അത് കണ്ടിട്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടി മതിയെനിക്ക്!"

"അത് കാര്യം ശരി തന്നെ. എങ്കിലും ആദ്യത്തെ കൂടിക്കാഴ്ചയല്ലേ, ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്ററ് ഇമ്പ്രഷൻ എന്നല്ലേ?", ഹരി ചെറുതായി ഒന്ന് ഉപദേശിച്ചു.

"എപ്പോഴും ഒരേ ഇമ്പ്രഷൻ ആണ് എനിക്ക് ഇഷ്ടം.", ബിജേഷ് വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. "ഇമ്പ്രസ്സ് ചെയ്യാൻ ഒരു വേഷം, പിന്നീട് യഥാർത്ഥ ജീവിതത്തിൽ മറ്റൊരു വേഷം. കല്ല്യാണത്തിന് മുൻപ് ഒരു സ്വഭാവം, കല്ല്യാണം കഴിഞ്ഞാൽ വേറെ സ്വഭാവം. എങ്ങനെയെങ്കിലും ഒരു പെണ്ണ് കിട്ടാൻ കഷ്ടപ്പെട്ട് ഇമ്പ്രസ്സ് ചെയ്യേണ്ടി വരിക. ഇതൊന്നും എനിക്ക് ഇഷ്ടമല്ല എന്ന് നിനക്ക് അറിയില്ലേ?"

ഹരിയുടെ മറുപടി, "ഒക്കെ ശരി. പക്ഷെ നീ ഈ ചെരുപ്പുകളിലേക്ക് ഒന്ന് നോക്കൂ. നിന്റെ ഈ ചെരുപ്പുകൾ കണ്ടാൽ പട്ടി വെള്ളം കുടിക്കുമോ?"

"പട്ടിയുടെ കാര്യം നീ ഈ എന്നോടാണോ പറയുന്നത്? എന്റെ വീട്ടിലെ എല്ലാ പട്ടികളും ഈ ചെരുപ്പ് നോക്കിയാ വെള്ളം കുടിക്കുന്നത്", ബിജേഷ് പൊട്ടിച്ചിരിച്ചു.

വളരെ ഗൗരവം നിറഞ്ഞ ചർച്ചയായതിനാലാവണം, റോഡിൽക്കൂടി കടന്നുപോകുന്ന മറ്റുള്ള ആളുകളെ അവർ ശ്രദ്ധിച്ചതേയില്ല.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.