ബസിലെ സുന്ദരികൾ

1

ആകെ ഓടിക്കിതച്ചാണ് മംഗലാപുരം ബസ്റ്റാൻഡിൽ എത്തിയത്. ഇനി മൈസൂരിലേക്കുള്ള ബസ്‌ പിടിക്കണം. ഫോട്ടോഗ്രാഫി പഠനത്തിന്റെ ഭാഗമായി ഒരു സ്റ്റഡിടൂർ. എല്ലാവരും കോളജിൽ നിന്നും നേരെ വരും, മൈസൂരിലേക്ക്. ഞാനും രജിയും വീട്ടിൽ വന്ന സമയത്തായിരുന്നു ടൂർ പ്ലാൻ ചെയ്തത്. ഞങ്ങൾ രണ്ടു പേരും നേരെ മൈസൂരിൽ എത്തികൊള്ളാം എന്നേറ്റു.

അങ്ങനെ ആണ് ഈ കർണാടകനഗരത്തിൽ എത്തിയത്. ഞാൻ നേരെ ടിക്കറ്റ്‌ റിസർവേഷൻ കൌണ്ടറിൽ ചെന്ന് രണ്ടു ടിക്കറ്റ്‌ എടുത്തു. 'രാജഹംസ' - അതാണ് ഞങ്ങൾക്ക് പോവേണ്ട ബസ്‌. സ്റ്റാൻഡിൽ നോക്കിയപ്പോൾ ഒരുപാടു രാജഹംസങ്ങൾ! ഇനിയിപ്പോ ഞങ്ങളുടെ ബസ്‌ ഏതാണാവോ?

ബോർഡ്‌ നോക്കിയപ്പോ പണി പാളി.., ബോർഡിലെ അക്ഷരങ്ങൾ കന്നടത്തിൽ.!! കൊത്തുപണിയെ ഓർമിപ്പിക്കുന്ന ആ അക്ഷരങ്ങൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു.

ഇനിയെന്ത് ചെയ്യും!

ആരോടെങ്കിലും ചോദിക്കാം. അപ്പോളതാ രജി പറയുന്നു, "എടാ ഞാൻ മൈസൂർ എന്ന് കന്നടയിൽ വായിക്കാൻ പഠിച്ചു!". രക്ഷപെട്ടില്ലേ...

അങ്ങനെ മൈസൂരിലേക്ക് പോവുന്ന രാജഹംസ ബസ്‌ കണ്ടു പിടിച്ചു. അതിനടുത്ത് ആരും തന്നെ ഇല്ല. ഓടി തളർന്നതല്ലേ കയറി ഇരുന്നേക്കാം. ബസിൽ കയറി സീറ്റ് നമ്പർ നോക്കി ഇരുപ്പുറപ്പിച്ചു.

ഏറ്റവും പുറകിലെ നീളമുള്ള സീറ്റ്. അതിന്റെ ഒരറ്റത്തും അതിനു തൊട്ടുമുള്ള സീററ്. ഞാനും രജിയും ഇരുന്നാലും ഒരുപാടു സ്ഥലം ബാക്കിയുള്ള സീറ്റ്. ജനലിനടുത്തുള്ള സീറ്റിലേക്ക് നുഴഞ്ഞു കയറുന്നതിനിടയിൽ രജി, "എടാ, വല്ല സുന്ദരി പെണ്‍പിള്ളരും വന്നാൽ ഞാൻ അവിടെ ഇരുന്നോളം. ഇപ്പൊ നീ ഇരുന്നോ." ഞാൻ തലകുലുക്കി.

ബസ്‌ പുറപ്പെടാൻ നേരത്താണ് സഹയാത്രികർ ബസിൽ കയറുന്നത്. രജി പറഞ്ഞതുപോലെ മൂന്ന് പെണ്‍കുട്ടികൾ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു. കന്നട പെണ്‍കുട്ടികൾ.!! മുഷിഞ്ഞ മുല്ലപൂവിന്റെ ഗന്ധം പരത്തുന്ന ആ പെണ്‍കുട്ടികൾക്ക് അപ്പോൾ സൗന്ദര്യം ഉണ്ടായിരുന്നില്ല.

രജി പറഞ്ഞു, "നീ തന്നെ അവിടെ ഇരുന്നോ, നിനക്ക് പറ്റിയ കമ്പനിയാ."

ആ പെണ്‍കുട്ടികൾ കന്നടയിൽ എന്തോ ഉറക്കെ സംസാരിച്ചു കൊണ്ടിരുന്നു. ഞാനും രജിയും അവരെക്കുറിച്ച് കമന്റടിച്ച് അങ്ങനെ ഇരുന്നു, മലയാളത്തിൽ.

ബസ്‌ പുറപെട്ടു.

കുറച്ചു ദൂരം ചെന്നതിനു ശേഷമാണ് കണ്ടക്ടർ ടിക്കറ്റ്‌ ചെക്ക് ചെയ്യാൻ വന്നത്. ഞങ്ങൾ റിസേർവ് ചെയ്തു കയറി ഇരുന്നവരല്ലേ, അല്പം ഗമയിൽ തന്നെ ടിക്കറ്റ്‌ എടുത്തു കാണിച്ചു. ടിക്കറ്റ്‌ നോക്കി കണ്ടക്ടർ ഉറക്കെ കന്നടയിൽ എന്തോ പറഞ്ഞു, സംഗതി എന്തോ പന്തികെടാണ്.! സംസാരരീതി കണ്ടാൽ അറിയാം. എന്തുപറ്റി? കന്നടയിൽ അയാൾ പറയുന്നതൊന്നും മനസിലാവുന്നില്ല.

പിന്നെ അറിയാവുന്ന ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചു. അതിനു അങ്ങേർക്ക് ഇംഗ്ലീഷ് അറിയില്ല.! പോരെ പൂരം.

അപ്പോഴതാ നമ്മളുടെ കന്നഡ പെണ്‍കുട്ടികൾ, "നിങ്ങൾക്ക് ബസ്‌ മാറി. ഈ ബസിനു ശേഷം ഉള്ളതാണ് നിങ്ങളുടെ ബസ്‌. ഒൻപത് മണിക്കുള്ള ബസ്‌ .' അതും മലയാളത്തിൽ.!

പെട്ടെന്ന് മലയാളം കേട്ടപ്പോ സന്തോഷമായി. അതുവരെ അവരെ മലയാളത്തിൽ കമന്റടിച്ചതോർത്തപ്പോൾ ടൗണിൽ സൈക്കിളിൽ നിന്നും വീണ അവസ്ഥ.

ചമ്മൽ മറച്ചു വച്ച് കൊണ്ട് പറഞ്ഞു, "അല്ല ഞങ്ങൾ ടിക്കറ്റ്‌ എടുത്തിട്ടുണ്ട്, രാജഹംസ ബസ്‌ ടിക്കറ്റ്‌. ഈ സീറ്റിൽ ഇത് വരെ ആരും വന്നതുമില്ല. അപ്പൊ പിന്നെ ഞങ്ങൾക്ക് ഇതിൽ യാത്ര തുടർന്നുകൂടെ?", അവർ അത് കന്നടയിൽ കണ്ടക്ടരിനോട് ചോദിച്ചു. കണ്ടക്ടർ പക്ഷെ അമ്പിനും വില്ലിനും അടുക്കുന്നില്ല, നീചൻ...

സമയം ഒൻപത് മണി ആവാറായി. ഞങ്ങൾക്കുള്ള ബസ്‌ പുറപ്പെടാറായി. തിരിച്ചു പോയി അതിൽ കയറാൻ സമയം ഇല്ല. നോണ്‍സ്റ്റോപ്പ്‌ ബസ്‌ ഇടയിൽ എവിടെയും നിർത്തുകയും ഇല്ല. രാത്രി, ഭാഷ അറിയാത്ത നാട്, ഒരു മയവും ഇല്ലാത്ത കണ്ടക്ടർ. ആകപ്പാടെ അവതാളത്തിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ.

വീണ്ടും നമ്മുടെ കന്നഡ പെണ്‍കുട്ടികൾ, "സാരമില്ല, അടുത്ത സ്റ്റോപ്പിൽ നിങ്ങൾ ഇറങ്ങു, നിങ്ങൾ അവിടെ വെയിറ്റ് ചെയ്യുന്ന കാര്യം ഞങ്ങൾ ഡ്രൈവറെ വിളിച്ചു അറിയിക്കാം." ഉടനെ മൊബൈൽ എടുത്തു ബസ്റ്റാന്റിലേക്ക് വിളിച്ചറിയിക്കുകയും ചെയ്തു.

ആശ്വാസത്തോടെ ബസിൽ നിന്നും ഇറങ്ങി നന്ദിയോടെ പെണ്‍കുട്ടികളെ നോക്കിയപ്പോഴാണ് ലോകത്തിലെ ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികൾ അവരാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.