അമ്മ

1

ഓഫീസിൽ നിന്നും അയാൾ അന്ന് വൈകുന്നേരം പതിവിലും നേരത്തേ ഇറങ്ങി. വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച അമേരിക്കൻ സ്വാതന്ത്ര്യദിനം ആയതിനാൽ അന്ന് ഡ്യൂട്ടി ഇല്ല. മൂന്നു ദിവസം അടുത്തടുത്തായി അവധി വന്നാൽ നാട്ടിൽ പോവുക പതിവാണ്. ജനുവരിയിൽ ഈ വർഷത്തെ കമ്പനി അവധിദിനങ്ങളുടെ എക്സെൽ ഷീറ്റ് എച്ച് ആർ മാനേജരുടെ മെയിലിൽ കണ്ടപ്പോൾ തന്നെ കലണ്ടറിൽ ലീവുകൾ സേവ് ചെയ്തു വെച്ചു.

അഷ്‌റഫ്‌ ട്രാവൽസിനു ഇരുപതു ദിവസത്തിനുള്ളിൽ മാത്രമേ മുൻകൂട്ടി സീറ്റ്‌ ബുക്ക് ചെയ്യുവാൻ പറ്റു. അതുകൊണ്ടു തന്നെ നാട്ടിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്തപ്പോൾ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുവാൻ പറ്റിയില്ല. നാട്ടിലേക്കുള്ള ഏറ്റവും നല്ല ബസ്‌ അഷ്‌റഫ്‌ ട്രാവൽസ് അല്ല. പക്ഷെ അയാൾക്ക് ആ ബസിനോട് പ്രത്യേക മമതയാണ്‌. ഒരു ജോലിയില്ലാതെ ബാംഗ്ലൂരിൽ അലഞ്ഞ കാലത്തും വളരെ ചെറിയ ശമ്പളത്തിൽ ആദ്യത്തെ ജോലി ലഭിച്ച കാലത്തും ഇടയ്ക്ക് നാട്ടിൽ പോയിരുന്നത് ആ ബസിൽ ആയിരുന്നു.

അന്നു മറ്റുള്ള ബസുകളെക്കാൾ ടിക്കറ്റ്‌ നിരക്ക് വളരെ കുറവായിരുന്നതിനു കാരണം എല്ലാ ട്രിപ്പുകളിലും യാത്ര ചെയ്തിരുന്ന മൂട്ടകൾ ആയിരുന്നു. പക്ഷെ ഈയിടെയായി ഈ ബസിൽ നിന്നും മൂട്ടകൾ ഒഴിഞ്ഞു പോയിരിക്കുന്നു. അതുകൊണ്ടുതന്നെ അയാൾക്ക്‌ വീട്ടിൽ കൂടുതലായി ഒരു മന:സ്സമാധാനം കൂടി ഉണ്ട്. മുൻപൊരിക്കൽ നാട്ടിൽ ചെന്നപ്പോൾ അച്ഛൻ പറയുകയുണ്ടായി, 'ഇനി നീ മൂട്ടയുമായി വന്നാൽ നിന്റെ ബാഗ്‌ ഞാൻ കത്തിക്കും!'.

ഫ്ലാറ്റിൽ ഉദ്ദേശിച്ചതിനേക്കാൾ നേരത്തെ എത്തി. എങ്കിലും വൈകിക്കാതെ ബാഗും എടുത്തു ബസ്റ്റോപ്പിലേക്ക് നടന്നു. അഷ്‌റഫ്‌ ട്രാവൽസിന്റെ ബോഡിംഗ് പോയിന്റിലേക്ക് ഇനി സിറ്റി ബസിൽ പോകണം. നേരത്തെ ഇറങ്ങിയാലും രക്ഷയില്ല. തിരക്കില്ലാത്ത രാവിലെകളിൽ പത്ത് മിനുട്ട് കൊണ്ട് എത്താൻ പറ്റുന്ന ദൂരം മുടിഞ്ഞ ട്രാഫിക് ബ്ലോക്ക് കാരണം ഒന്നര മണിക്കൂർ വരെ എടുക്കാറുണ്ട്, പ്രത്യേകിച്ചു വെള്ളിയാഴ്ചകളിൽ.

എങ്കിലും പ്രതീക്ഷിച്ചതിലും നേരത്തേ ബസിന്റെ ഓഫീസിൽ എത്തി. ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തു നേരെ അടുത്തുള്ള റെസ്റ്റൊറെന്റിലേക്ക് ചെന്നു. ബസ് പുറപ്പെടാൻ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ടായതിനാൽ ഇഡ്ഡലിയും വടയും സാമ്പാറും ചമ്മന്തിയും കൂട്ടി പതുക്കെ കഴിച്ചു. ബസിൽ കയറി ഇരുന്നു. പുഷ്ബാക്ക് സീറ്റ്‌. വിൻഡോസൈഡ് ആണ്.

ജനാലയിലൂടെ ചുറ്റുപാടും വെറുതേ നോക്കി ഇരുന്നു. ഒരല്പം മാറി ഫൂട്ട്പാത്തിന്റെ അരികിൽ മൂന്നു പേരെ കണ്ടു. വളരെ പ്രായം ചെന്ന ഒരു സ്ത്രീ ഒരു അരികിൽ മതിൽ ചാരി ഇരിക്കുന്നു. കൈയിലെ കുഞ്ഞുപൊതിയിൽ നിന്നും എന്തോ എടുത്തു ഇടയ്ക്കിടെ ചവക്കുന്നു. അരികിൽ വാലാട്ടി നില്ക്കുന്ന ഒന്നു രണ്ടു തെരുവുനായ്ക്കൾക്ക് ഓരോ കഷ്ണം ഇട്ടു കൊടുക്കുന്നുണ്ട്. മധ്യവയസ്സിന്റെ അവസാന ഘട്ടത്തിൽ എത്തിയ മറ്റൊരു സ്ത്രീ കൈയിൽ പൊതിഞ്ഞ ഒരു തുണി കൊണ്ടു ചുറ്റിലും തുടച്ചു വൃത്തിയാക്കുന്നു. അനന്തമായ ആകാശം മേൽക്കൂര ചൂടിയ, നാലോ അഞ്ചോ മീറ്റർ മാത്രം ചുറ്റളവുള്ള അവരുടെ അന്നത്തെ വീട്.

ഇനി ഒരാൾ കൂടിയുണ്ട്. യുവാവാണ്. കുറച്ചു പഴന്തുണികൾ മെത്തയാക്കി അതിൽ കിടക്കുന്നു. വളരെ ചെറുതും ശോഷിച്ചതുമായ കാലുകൾ അസ്വാഭാവികമായ രീതിയിൽ മടക്കി ഇരുവശത്തേക്കും വിടർത്തി വെച്ചിരുന്നു. സ്ഥിരമായി മലർന്നു കിടന്നതിനാൽ ഉടൽ അല്പം വീർത്ത് ഇരുവശത്തേക്കും ഉടഞ്ഞു വീണ പോലെ. നിലത്തു കുത്തിയിരുന്നു നീങ്ങി നീങ്ങി നിലം വൃത്തിയാക്കുന്ന ആ സ്ത്രീ, കിടക്കുന്നയാളുടെ അടുത്ത് എത്തിയപ്പോൾ കൈയിലെ തുണി താഴെ വെച്ചു. യുവാവിന്റെ വളരെ അടുത്ത് കാൽമുട്ടു കുത്തി ഇരുന്നു. അയാൾ കിടന്ന തുണിക്കെട്ടിന്റെ അടിയിൽ കൂടി കൈ തിരുകി അയാളെ അല്പം ഉയർത്തി വൃത്തിയാക്കിയ സ്ഥലത്തേക്ക് കിടത്തി. അമ്മയ്ക്കും മകനുമിടയിലെ അത്ഭുത ശക്തി! ആരാരും ശ്രദ്ധിക്കാത്ത ദൈവികത! ദൈവം ഉണ്ടോ ദൈവത്തെ കാണിച്ചു തരാമോ എന്ന് ചോദിക്കുന്നവരോട് പറയാം, ദാ അവിടെ ദൈവം ഉണ്ട്. മനുഷ്യൻ അവന്റെ ദൗർബല്യങ്ങൾക്കു മുന്നിൽ നിസ്സഹായനാവുമ്പോൾ അതിജീവനം നല്കുന്ന സാഹചര്യങ്ങൾ, ആളുകൾ എല്ലാം അവന്റെ ദൈവങ്ങൾ ആയിരിക്കും.

1
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.