എങ്ങനെ നല്ല ചെറുകഥ എഴുതാം

1

നമ്മളിൽ പലരും കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകൾ കേട്ട് വളർന്നവർ ആയിരിക്കാം. അത്തരക്കാരുടെ ഭാവന വളർന്നത് തന്നെ ഇത്തരം കഥകളിൽ കൂടിയായിരുന്നിരിക്കണം. ഭാവന സർഗ്ഗാത്മകതയുടെ അടിത്തറയാണല്ലോ. സൃഷ്ടിപരത ജീവിതത്തിനു നൽകുന്ന മൂല്യവും സൗന്ദര്യവും മഹത്തായതാണ്.

നമ്മൾക്ക് എല്ലാവർക്കും ജീവിതാനുഭവങ്ങൾ ഉണ്ട്. ആ അനുഭവങ്ങൾ പ്രിയപ്പെട്ടവരോട് നമ്മൾ പറയാറുമുണ്ട്. ആ രീതിയിൽ നമ്മൾ എല്ലാവരും അനുഭവങ്ങളുടെ നല്ല കഥ പറച്ചിലുകാരാണ്.

കേൾവിയുടെയും വായനയുടെയും ആസ്വാദനതലങ്ങൾ അല്പം വ്യത്യസ്തമായതിനാൽ എഴുത്തു സാഹിത്യത്തിലേക്ക് കാലെടുത്തുവെക്കുന്നവർ ചെറുകഥകൾ രചിക്കുമ്പോൾ ചില അടിസ്ഥാനരീതികൾ പാലിച്ചാൽ അത് വായനക്കാരന് മെച്ചപ്പെട്ട ആസ്വാദ്യത സമ്മാനിക്കും. കാലക്രമേണ ചെറുകഥാരചനയിലുള്ള പ്രാവീണ്യവും അനുഭവസമ്പത്തും വർദ്ധിച്ചാൽ സ്വന്തമായ രചനാശൈലിയിലേക്ക് നീങ്ങാവുന്നതാണ്.

ചെറുകഥാരചനയിലേക്ക് കടക്കുന്ന തുടക്കക്കാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തങ്ങളുടെ സൃഷ്ടിയിൽ കൂടി വായനക്കാരന് മികച്ച ആസ്വാദ്യത സമ്മാനിക്കുവാൻ സാധിച്ചേക്കും.

വായന

ഒരുപാട് വായിക്കുന്ന വ്യക്തിക്കാണ് വളരെ നല്ല എഴുത്തുകാരൻ ആയിത്തീരാൻ സാധിക്കുന്നത്. സംസാരിച്ചു തുടങ്ങുന്ന കുട്ടി അതിനു മുൻപായി വളരെക്കാലം മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുക മാത്രം ചെയ്യുന്നത് പോലെ. സംഗീതം ഒരുപാട് ആസ്വദിക്കുന്ന വ്യക്തിക്ക് ആണല്ലോ പിന്നീട് നല്ലൊരു സംഗീതജ്ഞൻ ആവാൻ സാധിക്കുന്നത്. ഒരുപാട് വായിക്കുന്ന എല്ലാവരും എഴുത്തുകാർ ആവണം എന്നില്ല എങ്കിലും നല്ല ഒരു എഴുത്തുകാരൻ ആവണമെങ്കിൽ വായനാശീലം കൂടിയേ തീരൂ.

എന്ത് വായിക്കണം? എന്തും വായിക്കാം. നല്ലതും മോശവുമായ ശൈലിയിലുള്ള ഉള്ളടക്കങ്ങൾ വായിക്കുന്നത് നല്ലതിനെയും നല്ലത് അല്ലാത്തതിനെയും കുറിച്ചുള്ള കൃത്യമായ വിവേകബുദ്ധി സമ്മാനിക്കും. പിന്നീട് അത് എഴുത്തുകാരന്റെ സൃഷ്ടിയെ ശുദ്ധീകരിക്കാൻ കാരണമായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.

ചെറുകഥയുടെ പ്രത്യേകത

കഥാസ്വാദനത്തിനായി രചിക്കപ്പെടുന്ന ഗദ്യശൈലിയിലുള്ള സാഹിത്യരൂപങ്ങളാണല്ലോ ചെറുകഥ, നോവൽ, നോവലെറ്റ് എന്നിവ. ഇതിൽ ചെറുകഥയ്ക്ക് മറ്റുള്ളവയിൽ നിന്നുള്ള പ്രധാന വ്യത്യാസം അതിന്റെ ഉള്ളടക്കം മറ്റു രണ്ടു സാഹിത്യരൂപങ്ങളേക്കാൾ താരതമ്യേന ചെറിയ പ്രതിപാദ്യവിഷയത്തിൽ ഊന്നിയതായിരിക്കും എന്നതാണ്. അതായത് ഒരു ചെറുകഥ എന്നത് ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ അയാൾ അനുഭവിക്കുന്ന മാനസികവികാരത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതായിരിക്കും. പ്രധാന കഥാപാത്രത്തിന്റെ ആ സമയത്തെ മാനസികാവസ്ഥയെ - അത് സന്തോഷമോ സങ്കടമോ പ്രണയമോ നിരാശയോ വിജയമോ എന്തുമാവട്ടെ - ഏറ്റവും ഉയർന്ന സ്ഥായിയിൽ വായനക്കാരനിലേക്ക് എത്തിക്കുക എന്നതായിരിക്കും ആ ചെറുകഥയുടെ ശക്തി. അതുകൊണ്ടുതന്നെ ചെറുകഥയിൽ ഒരു കഥാപാത്രത്തിന്റെ ജനനം മുതൽ മരണം വരെയുള്ള വിവിധ സംഭവങ്ങൾ ഒരുപോലെ വിവരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് സാരം.

കഥാതന്തു

ചെറുകഥയ്ക്കുള്ള വിഷയം (ത്രെഡ്) എങ്ങനെ തെരഞ്ഞെടുക്കും? ചെറുകഥയുടെ ശക്തി അതിൽ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന ജീവിതസന്ദർഭത്തിന്റെ ശക്തി അനുസരിച്ച് ഇരിക്കും. ആ പ്രധാന ജീവിത സന്ദർഭം എന്നത് കഥാകാരന്റെ ജീവിതത്തിലെ ഏതെങ്കിലും സംഭവം അല്ലെങ്കിൽ സന്ദർഭം ആവുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ കഥാകാരൻ നേരിട്ട് കണ്ടിരുന്ന ഒരു സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു വ്യക്തിയുടെ ആ സമയത്തെ വികാരത്തെ അടിസ്ഥാനമാക്കിയും ചെറുകഥയുടെ തന്തു തെരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ സുഹൃത്തുക്കളോ മറ്റുള്ളവരോ പറഞ്ഞു തന്ന അവരുടെ അനുഭവകഥകളിൽ നിന്ന് വീണുകിട്ടുന്ന ഉചിതമായ സന്ദർഭങ്ങളും ചെറുകഥയുടെ പ്രധാനവിഷയമാക്കാം. എങ്ങനെയായാലും ആ സന്ദർഭത്തിൽ കഥാപാത്രം അനുഭവിച്ച വികാരം വാക്കുകളിലൂടെ വായനക്കാരനിൽ എത്തിച്ചാൽ അത് മികച്ച ഒരു രചനയായിരിക്കും.

നാടകീയത

പ്രധാന സംഭവത്തിന്റെ തീവ്രതയിലേക്ക് നയിക്കുന്ന കഥയുടെ ഒഴുക്കിൽ വായനക്കാരന് ലഭിക്കുന്ന നാടകീയതയാണ് ചെറുകഥയുടെ മറ്റൊരു പ്രധാനഘടകം. ഉപസംഭവങ്ങൾ, കഥാപാത്രത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന വിശദീകരണങ്ങൾ എന്നിവ പ്രധാനസംഭവത്തിനു മുൻപായി നൽകുന്നത് ഗുണം ചെയ്യും. ഏത് കാര്യം എപ്പോൾ പറയണം എന്നത് കഥാകൃത്ത് തീരുമാനിക്കുന്നത് കഥയുടെ ഉച്ചസ്ഥായിയുടെ മാറ്റ് വർദ്ധിപ്പിക്കുന്ന തരത്തിൽ ആവണം.

ചിലർ കഥയുടെ അവസാന ഫലം തന്നെ ആരംഭത്തിൽ അവ്യക്തമായി സൂചിപ്പിച്ചു തുടങ്ങാറുണ്ട്. കഥയുടെ പ്രധാന സംഭവത്തിലേക്കുള്ള ചുരുളഴിയൽ പ്രതീതി ഇത്തരം കഥകളിൽ വായനക്കാരന് നൽകും. അത്തരം സന്ദർഭങ്ങളിൽ ഉപസംഭവങ്ങൾ ഭൂതകാല ഓർമ്മകൾ പോലെ എഴുതി ഫലിപ്പിക്കാം.

കഥാപാത്രങ്ങൾ

ചെറുകഥയിൽ കഥാപാത്രങ്ങളുടെ എണ്ണം എത്ര കണ്ടു കുറയുന്നുവോ അത്രയും നല്ലത്. കൂടുതൽ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവരുടെ സ്വഭാവവിശേഷങ്ങൾ പ്രത്യേകം പ്രത്യേകം തിരിച്ചറിയുന്ന രീതിയിൽ ചുരുക്കി പ്രതിപാദിക്കുന്നതാണ് കൂടുതൽ ആസ്വാദ്യത നൽകുന്നത്. അതായത് ഒരേ സ്വഭാവമുള്ള ഒന്നിലധികം കഥാപാത്രങ്ങൾ ചെറുകഥയിൽ പ്രത്യക്ഷപ്പെടുന്നത് വായനക്കാരിൽ ആവശ്യമില്ലാത്ത ആശയക്കുഴപ്പം ഉണ്ടാക്കും.

അവസാനം

ചെറുകഥയുടെ ഉച്ചസ്ഥായി അഥവാ പ്രധാനഭാഗം അവസാനഭാഗത്ത് സ്ഥാപിക്കുന്നതാണ് കൂടുതൽ നല്ലതായി കണ്ടുവരുന്നത്. ചിലർ ഉച്ചസ്ഥായിയോട് കൂടി കഥ അവസാനിപ്പിക്കുന്നു. മറ്റൊരു രീതിയിൽ പ്രധാനഭാഗത്തെ പ്രതിപാദിച്ചതിനു ശേഷം കഥാഗതിയുടെ ചില പരിണാമങ്ങളെ കുറിച്ച് കൂടി അവസാനിപ്പിക്കുന്നതിന് മുൻപായി സൂചിപ്പിക്കുന്നു. ചെറുകഥയുടെ പൂർണത വർദ്ധിപ്പിക്കുന്ന രീതിയിൽ വായനക്കാരന് സംതൃപ്തി സമ്മാനിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന ശൈലിയുമുണ്ട്. ചിലർ കഥയുടെ അവസാനത്തിൽ സുന്ദരമായ ചില അപൂർണതകൾ വരുത്താറുണ്ട്. ബാക്കി കാര്യം വായനക്കാരന്റെ സൗകര്യവും സംതൃപ്തിയും അനുസരിച്ച് ഊഹിക്കാൻ വിട്ടുകൊടുക്കുന്ന രീതിയും ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.

കൈയ്യൊതുക്കം

എഴുത്തുകാരന് അയാളുടെ തുടർച്ചയായുള്ള എഴുത്തു ശീലത്തിലൂടെ വളർന്ന് വരുന്ന ഒരു കഴിവാണ് കൈയൊതുക്കം അല്ലെങ്കിൽ കൈയ്യടക്കം. പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ തനിമ അല്ലെങ്കിൽ അതിന്റെ വികാരവും പ്രാധാന്യവും ഒട്ടും ചോരാതെ ചുരുക്കി എഴുതാൻ സാധിക്കുന്ന എഴുത്തുകാരന്റെ കഴിവാണത്. കൈയ്യൊതുക്കം ഉള്ള എഴുത്തുകാരന്റെ സൃഷ്ടികൾ വായനക്കാരനിൽ മികച്ച ആസ്വാദനം ഉണ്ടാക്കുന്നു. കൈയ്യടക്കം പരിശീലിക്കാൻ തുടക്കക്കാർ ചെയ്യേണ്ടത് തന്റെ രചനയിൽ കടന്നു വരുന്ന ആവർത്തനങ്ങൾ ഒഴിവാക്കുക എന്നതാണ്.

പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയാതെ ഇരിക്കുക. അതുപോലെ തന്നെ കരുത്തുറ്റ പ്രധാനപ്പെട്ട വാക്കുകൾ ഉപയോഗിക്കുമ്പോൾ അതെ വാക്കുകൾ ഉടനെ തന്നെ ആവർത്തിക്കാതെ ഇരിക്കുക. പ്രത്യേകതയുള്ള വാക്കുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ സമാനമായ മറ്റു വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കാം.

വിശദീകരണങ്ങൾ ഏറ്റവും ചുരുക്കരൂപത്തിൽ ആയിരിക്കണം. അതായത് വിശദീകരണങ്ങളിൽ ഉപയോഗിക്കുന്ന ഓരോ വാക്യവും പുതിയ കാര്യത്തിന് പ്രാമുഖ്യം നൽകുന്നത് ആയിരിക്കാൻ ശ്രദ്ധിക്കാം.

ചെറുകഥ എഴുതിക്കഴിഞ്ഞാൽ വായനക്കാരന്റെ കാഴ്ചപ്പാടിൽ കഥ പല തവണ വായിച്ചു നോക്കി ആവശ്യമായ തിരുത്തലുകൾ, മെച്ചപ്പെടുത്തലുകൾ എന്നിവ വരുത്തിയാൽ ആ ചെറുകഥ യഥാർത്ഥ വായനക്കാരനിൽ ആസ്വാദ്യതയുടെ മെച്ചപ്പെട്ട തലത്തിലുള്ള അനുഭവം സമ്മാനിക്കും എന്ന് ഉറപ്പിക്കാം.

1
ഇഷ്ടമായെങ്കിൽ ഈ ലേഖനം സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ലേഖനങ്ങൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.