എങ്ങനെ നല്ല ചെറുകഥ എഴുതാം
നമ്മളിൽ പലരും കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകൾ കേട്ട് വളർന്നവർ ആയിരിക്കാം. അത്തരക്കാരുടെ ഭാവന വളർന്നത് തന്നെ ഇത്തരം കഥകളിൽ കൂടിയായിരുന്നിരിക്കണം. ഭാവന സർഗ്ഗാത്മകതയുടെ അടിത്തറയാണല്ലോ. സൃഷ്ടിപരത ജീവിതത്തിനു നൽകുന്ന മൂല്യവും സൗന്ദര്യവും മഹത്തായതാണ്.
നമ്മൾക്ക് എല്ലാവർക്കും ജീവിതാനുഭവങ്ങൾ ഉണ്ട്. ആ അനുഭവങ്ങൾ പ്രിയപ്പെട്ടവരോട് നമ്മൾ പറയാറുമുണ്ട്. ആ രീതിയിൽ നമ്മൾ എല്ലാവരും അനുഭവങ്ങളുടെ നല്ല കഥ പറച്ചിലുകാരാണ്.
കേൾവിയുടെയും വായനയുടെയും ആസ്വാദനതലങ്ങൾ അല്പം വ്യത്യസ്തമായതിനാൽ എഴുത്തു സാഹിത്യത്തിലേക്ക് കാലെടുത്തുവെക്കുന്നവർ ചെറുകഥകൾ രചിക്കുമ്പോൾ ചില അടിസ്ഥാനരീതികൾ പാലിച്ചാൽ അത് വായനക്കാരന് മെച്ചപ്പെട്ട ആസ്വാദ്യത സമ്മാനിക്കും. കാലക്രമേണ ചെറുകഥാരചനയിലുള്ള പ്രാവീണ്യവും അനുഭവസമ്പത്തും വർദ്ധിച്ചാൽ സ്വന്തമായ രചനാശൈലിയിലേക്ക് നീങ്ങാവുന്നതാണ്.
ചെറുകഥാരചനയിലേക്ക് കടക്കുന്ന തുടക്കക്കാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തങ്ങളുടെ സൃഷ്ടിയിൽ കൂടി വായനക്കാരന് മികച്ച ആസ്വാദ്യത സമ്മാനിക്കുവാൻ സാധിച്ചേക്കും.
വായന
ഒരുപാട് വായിക്കുന്ന വ്യക്തിക്കാണ് വളരെ നല്ല എഴുത്തുകാരൻ ആയിത്തീരാൻ സാധിക്കുന്നത്. സംസാരിച്ചു തുടങ്ങുന്ന കുട്ടി അതിനു മുൻപായി വളരെക്കാലം മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുക മാത്രം ചെയ്യുന്നത് പോലെ. സംഗീതം ഒരുപാട് ആസ്വദിക്കുന്ന വ്യക്തിക്ക് ആണല്ലോ പിന്നീട് നല്ലൊരു സംഗീതജ്ഞൻ ആവാൻ സാധിക്കുന്നത്. ഒരുപാട് വായിക്കുന്ന എല്ലാവരും എഴുത്തുകാർ ആവണം എന്നില്ല എങ്കിലും നല്ല ഒരു എഴുത്തുകാരൻ ആവണമെങ്കിൽ വായനാശീലം കൂടിയേ തീരൂ.
എന്ത് വായിക്കണം? എന്തും വായിക്കാം. നല്ലതും മോശവുമായ ശൈലിയിലുള്ള ഉള്ളടക്കങ്ങൾ വായിക്കുന്നത് നല്ലതിനെയും നല്ലത് അല്ലാത്തതിനെയും കുറിച്ചുള്ള കൃത്യമായ വിവേകബുദ്ധി സമ്മാനിക്കും. പിന്നീട് അത് എഴുത്തുകാരന്റെ സൃഷ്ടിയെ ശുദ്ധീകരിക്കാൻ കാരണമായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.